Connect with us

Kollam

സിമന്റ് ലോറിയില്‍ കടത്തവേ 19 ചാക്ക് പാന്‍മസാല പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കൊല്ലം:സിമന്റ് ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 19 ചാക്ക് പാന്‍മസാല പോലീസ് പിടിച്ചെടുത്തു. രണ്ട് പേര്‍ അറസ്റ്റില്‍.
ചെങ്കോട്ട വൈദ്യശാല ജംഗ്ഷനില്‍ സേതു പട്ടാണി(30), ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി എസക്കി മുത്തു(25) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ നെല്ലിപ്പള്ളി ജംഗ്ഷന് സമീപം പോലീസ് ലോറി തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയായിരുന്നു.
പുനലൂര്‍ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പാന്‍മസാലക്ക് അഞ്ച് ലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. പുനലൂര്‍ എസ് ഐ കെ എസ് ഗോപകുമാറിന്റെ നേതൃത്വത്തിലാണ് പാന്‍ മസാല പിടിച്ചെടുത്തത്. ലോറിയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഒരു മാസമായി തമിഴ്‌നാട്ടില്‍ നിന്നും കിഴക്കന്‍ മേഖല വഴി പാന്‍ മസാല കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ശക്തമായ നിരീക്ഷണത്തിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും പാന്‍മസാല കടത്തുന്ന ഏജന്റാണ് പിടിയിലായ സേതുപട്ടാണിയെന്ന് പോലീസ് പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്ന് പോലീസ് പറഞ്ഞു.
സിമന്റ് ചാക്കുകള്‍ നിറച്ച ലോറിയില്‍ പാന്‍മസാല ഒളിപ്പിച്ച നിലയിലായിരുന്നു. പുനലൂര്‍, പത്തനാപുരം, അടൂര്‍ മേഖലകളിലേക്ക് ദിവസേന പാന്‍മസാല കടത്തുന്നുണ്ട്. സിമന്റ് ലോറിയാണെന്ന് തെറ്റിധരിപ്പിച്ചാണ് പാന്‍മസാലകള്‍ കടത്തിക്കൊണ്ട് പോകുന്നത്. ഈ സാഹചര്യം മുതലെടുത്താണ് ഇവര്‍ പാന്‍മസാല കടത്തിക്കൊണ്ടിരുന്നത്.

Latest