ബജറ്റില്‍ ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും: കെ എം മാണി

Posted on: December 24, 2013 12:00 am | Last updated: December 24, 2013 at 12:04 am

തിരുവനന്തപുരം: ബജറ്റില്‍ ജനക്ഷേമകരമായ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ധനമന്ത്രി കെ എം മാണി. ജനങ്ങള്‍ക്കായി ഒരു നല്ല ഭരണ നിര്‍വഹണം കൈവരുത്തുന്ന കാര്യത്തിലും സുസ്ഥിരവും സമഗ്രവുമായ സേവനം ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലുമുള്ള നടപടികള്‍ വരുന്ന ബജറ്റില്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് പി ഡബ്യു ഡി റസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച പ്രീ ബജറ്റ് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി വിവിധ മേഖലകളില്‍ നിന്നുള്ള 35 സംഘടനകളുടെ പ്രതിനിധികള്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. നിക്ഷേപ സൗഹൃദ പദ്ധതികള്‍ക്ക് പരിഗണന വേണമെന്നും ടൂറിസം മേഖലക്ക് കൂടുതല്‍ പണം അനുവദിക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. സ്വര്‍ണത്തിന്റെ വാറ്റ് അന്യ സംസ്ഥാനങ്ങളില്‍ ഉള്ളതിന് സമാനമായി ഏകീകരിക്കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മത്സ്യമേഖലയില്‍ കൂടുതല്‍ മണ്ണെണ്ണ നല്‍കണമെന്നും വലകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നികുത കുറക്കണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ പ്രസിഡന്റ് ടി പീറ്റര്‍ ആവശ്യപ്പെട്ടു. ആയൂര്‍വേദ മരുന്നുകള്‍ക്ക് നികുതി കുറക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉയര്‍ന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ നികുതി നിര്‍ദേശങ്ങള്‍ വേണമെന്നും പുതിയ മെഡിക്കല്‍ കോളജുകളും എയര്‍ സ്ട്രിപ്പുകളും അനുവദിക്കരുതെന്നുമുള്ള ആവശ്യം ചര്‍ച്ചയിലുണ്ടായി. എന്‍ ജി ഒകള്‍ക്ക് രജിസ്‌ട്രേഷന്‍ നല്‍കണമെന്നും സന്നദ്ധസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആരോഗ്യ പദ്ധതിക്ക് രൂപം നല്‍കണമെന്നും കോണ്‍ഫഡറേഷന്‍ ഓഫ് എന്‍ ജി ഒ പ്രതിനിധി ആവശ്യപ്പെട്ടു.
പ്രീ ബജറ്റ് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നിട്ടുള്ള അഭിപ്രായങ്ങള്‍ വിശകലനം ചെയ്ത് സ്വീകരിക്കേണ്ടവയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റാകും അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും സ്വീകരിക്കും. ജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി അയക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭ്യമാകുന്നതുള്‍പ്പെടെയുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ബന്ധപ്പെട്ടവര്‍ക്ക് നല്‍കും. അവര്‍ അത് പരിശോധിച്ച് സെക്രട്ടറിമാര്‍ വഴി ധനമന്ത്രിക്ക് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ടാക്‌സ് സെക്രട്ടറി അജിത്കുമാര്‍, ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ജോസ് ജേക്കബ്, ടാക്‌സ് കമ്മീഷണര്‍ മുതലായവര്‍ പ്രസംഗിച്ചു.