Connect with us

Gulf

ഗൂഗിളില്‍ സൗജന്യ എസ് എം എസ്; പ്രവാസികള്‍ക്കിടയില്‍ പ്രചാരമേറുന്നു

Published

|

Last Updated

മസ്‌കത്ത്: ഗൂഗിള്‍ നല്‍കുന്ന സൗജന്യ എസ് എം എസ് സേവനം പ്രവാസികളില്‍ കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നു. ജി മെയില്‍ ഇന്‍ബോക്‌സില്‍നിന്നും പ്രതിദിനം 50 എസ് എം എസുകള്‍ അയക്കാനുള്ള സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. കോണ്‍ടാക്ടില്‍ രാജ്യവും മൊബൈല്‍ നമ്പറും ചേര്‍ത്താല്‍ എസ് എം എസ് അയക്കാനാകും. എസ് എം എസ് ലഭിക്കുന്നവര്‍ക്ക് മറുപടി അയക്കാനും സൗകര്യമുണ്ട്. ഈ മറുപടികള്‍ ഇ മെയിലായി സ്വീകരിക്കാം. എന്നാല്‍, മറുപടി എസ് എം എസുകള്‍ക്ക് നിരക്ക് നല്‍കേണ്ടി വരും.
ഗൂഗിള്‍ എസ് എം എസ് നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിലും പല രാജ്യങ്ങളിലും സേവനം ലഭ്യമായിരുന്നില്ല. എന്നാല്‍ ആഴ്ചകളായി ഒമാനില്‍ സേവനം ലഭ്യമാണ്. ഒമാനില്‍നിന്നും ഗള്‍ഫില്‍ സഊദി, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലേക്കും ഒമാനിലേക്കു തന്നെയും എസ് എം എസ് അയക്കാം. എന്നാല്‍ യു എ ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് സേവനം ലഭ്യമല്ല. എസ് എം എസ് സ്വീകരിക്കുന്നതിന് മൊബൈല്‍ കമ്പനികളുമായുള്ള ധാരണ പൂര്‍ത്തിയാകാത്തതാണ് കാരണം. അതേസമയം യു എ ഇല്‍നിന്നും ഒമാനിലേക്കും പുറം നാടുകളിലേക്കും എസ് എം എസ് അയക്കാനാകുന്നുവെന്ന് ഉപയോഗിച്ചവര്‍ പറഞ്ഞു.
ഒമാനില്‍നിന്നും ഗള്‍ഫ് നാടുകള്‍ക്കു പുറമെ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിലേക്ക് എസ് എം എസ് അയക്കാനാകും. ജി മെയില്‍ ഇന്‍ ബോക്‌സിലെ വോയ്‌സ് ചാറ്റ് മെസഞ്ചറിലെ മോര്‍ മെനുവില്‍ പോയാണ് എസ് എം എസ് അയക്കാന്‍ കഴിയുക. സ്വീകര്‍ത്താവിന്റെ രാജ്യം തിരഞ്ഞെടുത്ത് നമ്പര്‍ ചേര്‍ത്താല്‍ എസ് എസ് എസ് അയക്കാനാകും. കമ്പ്യൂട്ടര്‍, ടാബ്‌ലറ്റ് പോലുള്ളവ ഉപയോഗിച്ച് ജോലി ചെയ്യുന്നവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സംവിധാനമാണിത്. 140 അക്ഷരങ്ങളാണ് ഒരു എസ് എം എസില്‍ അയക്കാനാകുക. അക്ഷരങ്ങള്‍ കൂടിയാല്‍ രണ്ട് എസ് എം എസുകളായി പരിഗണിക്കപ്പെടും.
എസ് എം എസിനു പുറമെ മൊബൈല്‍ ഫോണുകളിലേക്ക് നേരിട്ടു വിളിക്കാവുന്ന വോയ്പ് സേവനവും ഗൂഗിള്‍ നല്‍കുന്നുണ്ട്. പത്തു ഡോളര്‍ വീതം റീചാര്‍ജ് ചെയ്താണ് സേവനം ഉപയോഗിക്കാനാവുക. ഒമാനില്‍നിന്നും ഇന്ത്യയിലേക്ക് വിളിക്കുന്നതിന് 500 മിനിറ്റിന് ഏതാണ്ട് നാലു റിയാല്‍ നല്‍കണം. ഗൂഗിളായതിനാല്‍ സുരക്ഷിതമായ ഉപയോഗവും സേവനം ലഭ്യമല്ലെങ്കില്‍ തുക തിരിച്ചു നല്‍കുന്നതിനുള്ള സംവിധാനവും ലഭിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് അക്കൗണ്ട് റീ ചാര്‍ജ് ചെയ്യാനാവുക. അമേരിക്ക, കാനഡ രാജ്യങ്ങളില്‍നിന്നുള്ള വിളികള്‍ തീര്‍ത്തും സൗജന്യമാണ്. ഇന്ത്യയിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ വിളിക്കാനാവുക. ഫ്രാന്‍സ്, ജര്‍മനി, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കാണെന്ന് ഗൂഗിള്‍ പറയുന്നു. ഗള്‍ഫ് നാടുകളിലേക്ക് ഒമാനില്‍നിന്നു വിളിക്കാന്‍ ഏതാണ്ട് 100 ബൈസ മിനിറ്റിനു നല്‍കണം.