Connect with us

Wayanad

സംസ്ഥാന പൈതൃകോത്സവത്തിലെ വംശീയഭക്ഷണശാലകള്‍ ശ്രദ്ധേയമാകുന്നു

Published

|

Last Updated

പനമരം: സംസ്ഥാന പൈതൃകോത്സവത്തിലെ വംശീയഭക്ഷണശാലകള്‍ ശ്രദ്ധേയമാവുന്നു. കാട്ടുരുചികള്‍ നുകരാന്‍ നിരവധി പേരാണ് സ്റ്റാളുകളിലെത്തുന്നത്. മരുന്നുകാപ്പി, മുളയരി പായസം, ചാമപ്പായസം, മത്തന്‍പായസം, റാഗി ഇലയട, റാഗി ഉള്ളിവട, റാഗിപ്പുട്ട്, കല്ല് പുട്ട് എന്നിങ്ങനെ നാവിന് ഇമ്പമാര്‍ന്ന രുചിക്കൂട്ടുകളുമായാണ് വംശീയപാചകവിദഗ്ധര്‍ പൈതൃകോത്സവത്തിനെത്തിയത്. കാട്ടുകിഴങ്ങുകള്‍ കൊണ്ടുള്ള ഭക്ഷണങ്ങള്‍ക്ക് പുറമെ രുചികരമാര്‍ന്ന കോഴിക്കറിയും പാചകശാലയിലുണ്ട്. അമ്പലവയല്‍ നെല്ലാറച്ചാല്‍ വെള്ളന്‍ വംശീയപാചകകലയില്‍ ശ്രദ്ധേയനാണ്. കഴിഞ്ഞ 20 വര്‍ഷമായി പാചകരംഗത്ത് സജീവസാന്നിധ്യമായ വെള്ളന് ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡ്, സംസ്‌ക്കാരികവകുപ്പ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. കല്ലുപുട്ട്-കോഴിക്കറിയാണ് ഇന്നലത്തെ വെള്ളന്റെ പ്രധാനഭക്ഷണം. ഏഴ് തരം കോഴിക്കറികളും, കോല്‍ചിക്കന്‍, കുഴിച്ചിക്കന്‍, മസാലചിക്കന്‍, പൊതിചിക്കന്‍ എന്നിങ്ങനെ നാല് തരം ചുട്ടചിക്കന്‍ ഇനങ്ങളും വരുംദിവസങ്ങളില്‍ വെള്ളന്റെ സ്റ്റാളില്‍ നിന്നും ലഭ്യമാകും. പാചകത്തിന് പുറമെ ഒറ്റമൂലി ചികിത്സയിലും പ്രശസ്തനാണ് വെള്ളന്‍. സ്വന്തം കൃഷിയിടത്തില്‍ നിന്നുണ്ടാക്കിയ എട്ട് തരം കിഴങ്ങുവര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചുള്ള പാചകയിനങ്ങളും വരും ദിവസങ്ങളില്‍ ഈ സ്റ്റാളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കും. വന്‍കിട റിസോര്‍ട്ടുകളിലും കേരളത്തിലെ നിരവധി പാചകമേളകളിലും വെള്ളന്‍ സ്ഥിരം സാന്നിധ്യമാണ്.
അമ്പലവയല്‍ അമ്പലക്കുന്ന് വേലായുധനാണ് വംശീയഭക്ഷണശാലയിലെ മറ്റൊരു പാചകവിദഗ്ധന്‍. നാല് വര്‍ഷമായി വംശീയപാചകരംഗത്തെ സജീവസാന്നിധ്യമായ വേലായുധന്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി പാചകമേളകളില്‍ പങ്കെടുത്തിട്ടുണ്ട്. കപ്പ-കാന്താരിച്ചമ്മന്തി, കാവത്ത്, ഞെരളപ്പം, മത്തന്‍പായസം, മുളയരിപായസം, ചേനപ്പായസം, കപ്പപായസം എന്നിങ്ങനെ നിരവധി ഇനങ്ങളാണ് വരും ദിവസങ്ങളില്‍ ഈ പാചകസ്റ്റാളുകളില്‍ നിന്നും ലഭ്യമാകുക. കൊല്ലം ഓച്ചിറയില്‍ നടന്ന ഗോത്രതാളം പരിപാടിയില്‍ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ വേലായുധന്‍ 2012-ല്‍ ജാര്‍ഖണ്ഡില്‍ നടന്ന ട്രൈബല്‍ ഇന്ത്യാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്. കിര്‍ത്താഡ്‌സില്‍ നിന്നും പരിശീലനം സിദ്ധിച്ച വേലായുധന്‍ വംശീയഭക്ഷണശാലയിലെ ഏറെ ശ്രദ്ധേയനായ പാചകവിദഗ്ധനാണ്.
തിരുനെല്ലി ബേഗൂര്‍ കൃഷ്ണദാസിന്റെ ഭക്ഷണശാലയില്‍ നിന്ന് കാട്ടുകിഴങ്ങ് പുഴുക്ക്, ചോളപ്പത്തിരി, റാഗി പക്കവട, റാഗി പഴംപൊരി, ചോള ഉപ്പുമാവ് എന്നിവയുടെ രുചി നുകരാന്‍ നിരവധി പേരെത്തുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി വംശീയഭക്ഷണരംഗത്ത് കൃഷ്ണദാസുണ്ട്. ജില്ലയിലും പുറത്തും കുടുംബസമേതമാണ് ഇദ്ദേഹം പാചകത്തിനായി പോകുന്നത്. ശരീരത്തിന് ഉണര്‍വ്വും ഉ•േഷവും നല്‍കുന്ന സ്‌പെഷ്യല്‍ മരുന്നുകാപ്പിയാണ് വംശീയഭക്ഷണശാലയിലെ പാലക്കാട് അട്ടപ്പാടി സ്വദേശിയായ റേസിയുടെ പ്രത്യേകത. എരിവും പുളിയും കലര്‍ന്ന മരുന്ന് കാപ്പി കുടിച്ചാല്‍ പല അസൂഖങ്ങളും പമ്പ കടക്കുമെന്ന് റേസി പറയുന്നു. കാട്ടില്‍ നിന്നും ശേഖരിക്കുന്ന വിവിധ ഔഷധക്കൂട്ടുകള്‍ ചേര്‍ത്താണ് മരുന്ന് കാപ്പി തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് കാപ്പിക്കൂട്ടം ഈ സ്റ്റാളില്‍ നിന്നും ലഭ്യമാകും. തിരുവനന്തപുരം, എറണാകുളം, കുട്ടനാട്, പറവൂര്‍, വടകര എന്നിങ്ങനെ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ഭക്ഷണമേളകളില്‍ റേസി തന്റെ കൈപ്പുണ്യവുമായെത്തിയിട്ടുണ്ട്.

Latest