Connect with us

Kerala

വിദ്യാഭ്യാസ മൊറട്ടോറിയം പരിമിതപ്പെടുത്തണമെന്ന് ബാങ്കിംഗ് സമിതി

Published

|

Last Updated

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയെച്ചൊല്ലി ബാങ്കുകളെ മന്ത്രിമാരായ കെ എം മാണിയും കെ സി ജോസഫും രൂക്ഷമായി വിമര്‍ശിച്ചു. വിദ്യാഭ്യാസ വായ്പകളില്‍ പല ബാങ്കുകള്‍ പല പലിശ ഈടാക്കുന്നതിനെയാണ് കെ എം മാണി വിമര്‍ശിച്ചത്. എന്നാല്‍ വിദ്യാഭ്യാസ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മൊറട്ടോറിയം പരിമിതപ്പെടുത്തണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. സംസ്ഥാന ബാങ്കിംഗ് സമിതിയുടെ അവലോകന യോഗത്തിലാണ് ഭിന്നത മറ നീക്കിയത്.

ചില ബാങ്കുകള്‍ 15 ശതമാനം പലിശ ചോദിക്കുന്നു. എന്നാല്‍ തുക അനുവദിക്കുന്നതില്‍ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. വായ്പാ വ്യവസ്ഥകള്‍ ഉദാരമാക്കണം. അടിസ്ഥാന പലിശനിരക്കേ ഈടാക്കാവൂ എന്നും കെ എം മാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച പരാതി ലഭിച്ചത് വിദ്യാഭ്യാസ വായ്പ സംബന്ധിച്ചാണെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു.

ഇടുക്കി ജില്ലയില്‍ അനുവദിച്ച വിദ്യാഭ്യാസ വായ്പ ചൂണ്ടിക്കാട്ടിയാണ് ബാങ്ക് സമിതി മൊറട്ടോറിയം പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം മുന്നോട്ടു വച്ചത്. ഇടുക്കിയില്‍ 420 കോടി രൂപ വിദ്യാഭ്യാസ വായ്പ അനുവദിച്ചതില്‍ 22 ശതമാനം കിട്ടാക്കടമാണെന്ന് ബാങ്കുകള്‍ പറഞ്ഞു. വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ വായ്പ തിരിച്ചടക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കുന്നില്ലെന്ന് ബാങ്ക് സമിതി പറഞ്ഞു. വിദ്യാഭ്യാസ വായ്പ തിരിച്ചടക്കേണ്ടതില്ലെന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ബാങ്ക് സമിതി ആവശ്യപ്പെട്ടു.

 

Latest