കൊലപാതക രാഷ്ട്രീയവും മാധ്യമങ്ങളുടെ നിഷ്പക്ഷതയും

Posted on: December 23, 2013 6:00 am | Last updated: December 23, 2013 at 1:21 pm

media‘നിന്നെ പത്ത് മാസം ചുമന്നു നൊന്തുപെറ്റവളാണ് ഞാന്‍’ എന്നു പറയുന്ന മാതാവിനോട് ‘ഒരു ദിവസത്തിന് മുന്നുറ് രൂപ ചുമട്ടുകൂലി തന്നാല്‍ നിങ്ങളുടെ ശല്യം ഒഴിവാകുമോ തള്ളേ?’ എന്നു തിരിച്ചു ചോദിക്കുന്ന മക്കളുണ്ടായിക്കൊണ്ടിരിക്കുന്ന നാടാണ് നമ്മുടെത്. അത്തരമൊരു നാട്ടില്‍ ജന്മിമാര്‍ക്കും മുതലാളിമാര്‍ക്കും മുമ്പില്‍ നട്ടെല്ലും ശിരസ്സും കൈയും ഉയര്‍ത്തിപ്പിടിച്ചു വിറക്കാത്ത ശബ്ദത്തില്‍ കൂലി ചോദിച്ചു വാങ്ങാന്‍ കേരളീയര്‍ക്ക് ആത്മവീര്യം പകര്‍ന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ‘നിങ്ങള്‍ ഏത് ജനത്തിനു വേണ്ടി എന്തു ചെയ്തു?’ എന്നു ചോദിക്കുന്ന വീട്ടമ്മയും അങ്ങനെ ചോദിച്ചതിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുന്ന മുതലാളിമാരും വീട്ടമ്മയേയും മുതലാളിയേയും പാടിപ്പുകഴ്ത്തുന്ന ചാനലുകളും, ചാനലില്‍ തല തെളിയാന്‍ വീട്ടമ്മയുടെ കൈയില്‍ അദൃശ്യ ചൂലുണ്ടായിരുന്നുവെന്ന് പ്രസ്താവന ഇറക്കുന്ന സാഹിത്യകാരന്മാരും ഒക്കെ ഉണ്ടാകാതിരുന്നാലേ അത്ഭുതപ്പെടേണ്ടു.
ഇങ്ങനെ പെറ്റമ്മയെപ്പോലും മാനിക്കാനാകാത്ത വിധം ഞാനെന്നതിലേക്ക് മാത്രം എല്ലാവരും ചുരുങ്ങുകയും അതുവഴി ചരിത്രബോധരഹിതമായി കാര്യങ്ങളോട് ‘എനിക്കെന്ത് മെച്ചം’ എന്നതിലൂന്നി മാത്രം പ്രതികരിച്ചു ശീലിക്കുകയും ചെയ്തുവരുന്ന ഒന്നാണ് ആധുനിക തലമുറ. അത്തരമൊരു തല മുറക്കു മുമ്പാകെ ‘രക്തസാക്ഷികള്‍ സിന്ദാബാദ്’ എന്നു വിളിക്കുന്ന കമ്യൂണിസ്റ്റുകാര്‍ കൊലപാതക രാഷ്ട്രീയക്കാരാണെന്നു ചിത്രീകരിച്ചെടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എളുപ്പം കഴിയും! ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് അതാണ് സംഭവിച്ചതും!. എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് കമ്യൂണിസ്റ്റുകാരനെ കൊലപാതക രാഷ്ട്രീയക്കാരനെന്നു ആവര്‍ത്തിച്ചു പറഞ്ഞ് താറടിക്കാന്‍ മത്സരിച്ച മാധ്യമങ്ങളും വെട്ടുവഴിക്കവികളും ഇപ്പോള്‍ ഒരു രക്തദാഹിക്ക് സിന്ദാബാദ് വിളിക്കുന്നതില്‍ മത്സരിക്കുകയാണ്!
ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോദിയാണ് മാധ്യമങ്ങളുടെ സിന്ദാബാദുകളാല്‍ അലങ്കൃതനായിക്കൊണ്ടിരിക്കുന്ന ആ രക്തദാഹി. വീരസവര്‍ക്കറും ഗോള്‍വാല്‍ക്കറും ഗോഡ്‌സേയും ഒക്കെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഹിന്ദു രാഷ്ട്ര വാദത്തിന്റെ ഇക്കാലത്തെ തലതൊട്ടപ്പനായ നരേന്ദ്ര മോദി, മുസ്‌ലിംകളുടെയും ക്രൈസ്തവരുടെയും കമ്യൂണിസ്റ്റുകാരുടെയും രക്തത്തിനുവേണ്ടി മാത്രമല്ല ഗാന്ധിജിയെപ്പോലുള്ള ഹിന്ദുക്കളുടെ രക്തത്തിനും ദാഹിക്കുന്ന കാവിച്ചെകുത്താനാണ്! അയാളും അയാളുടെ മന്ത്രിസഭാംഗങ്ങളായിരുന്ന മായാ കൊട്‌നാനി, അമിത് ഷാ തുടങ്ങിയവരും ഒത്താശ ചെയ്തും ആസൂത്രണം നടത്തിയും കൊല ചെയ്ത മുസ്‌ലിംകളുള്‍പ്പെടെയുള്ള ആയിരക്കണക്കിനു മനുഷ്യരുടെ ജീവനും രക്തത്തിനും കൈയും കണക്കുമില്ല. ഇത്തരമൊരു കൊടുംകൊലപാതക രാഷ്ട്രീയക്കാരനെ ഭാവിപ്രധാനമന്ത്രിയായും വികസനനായകനായും പട്ടേലിന്റെ ലോഹപ്രതിമ പണിയുവാന്‍ തുന്നിഞ്ഞിറങ്ങിയ ദേശസ്‌നേഹിയായും ഒക്കെ വാഴ്ത്തുന്ന മാധ്യമങ്ങളും പി സി ജോര്‍ജ് കെ എം മാണി, ജസ്റ്റിസ് കെ ടി തോമസ് തുടങ്ങിയ അച്ചായപ്പടയും യഥാര്‍ഥത്തില്‍ ചെയ്യുന്നത് കൊലപാതക രാഷ്ട്രീയത്തിനു കുഴലൂത്ത് നടത്തുക എന്നതല്ലേ? അല്ലെന്നു പറയാന്‍ ഗുജറാത്തില്‍ നടന്ന മുസ്‌ലിം വംശഹത്യ കൊലപാതകമല്ലെന്നും കേരളത്തില്‍ ടി പി ചന്ദ്രശേഖരനു സംഭവിച്ചതു മാത്രമേ കൊലപാതകമായിട്ടുള്ളൂവെന്നും കരുതുന്ന നിഷ്പക്ഷത എന്ന ഇടതുപക്ഷ വിരുദ്ധതയുള്ളവര്‍ക്കു മാത്രമേ കഴിയൂ!
യഥാര്‍ഥത്തില്‍ ചരിത്രബോധമുള്ള നിഷ്പക്ഷമതിയായ ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യയിലെ ഏറ്റവും വലിയ കൊലപാതക രാഷ്ട്രീയക്കാര്‍ കര്‍സേവയും കറുത്ത ഞായറാഴ്ചയും ഗുജറാത്തും ഒറീസയും പൂന്തുര, മാറാട് കലാപങ്ങളും ഒക്കെ നടത്തിയ സംഘ്പരിവാരക്കാരും അതിന്റെ നേതാക്കളായ അഡ്വാനിയും നരേന്ദ്ര മോഡിയും ഉമാഭാരതിയും വിനയ് കത്വാറും, സാധ്വി ഋതംബരയും ഉള്‍പ്പെടെയുള്ളവരുമാണെന്നേ വിലയിരുത്താനാകൂ! ടി പി ചന്ദ്രശേഖരനേക്കാളെല്ലാം എത്രയോ മഹാനും ലോകാരാധ്യനായ പൊതു പ്രവര്‍ത്തകനുമായിരുന്ന ഗാന്ധിജിയെപ്പോലും കൊല്ലുവാന്‍ പ്രേരണ പകര്‍ന്ന ഹിന്ദുരാഷ്ട്രവാദത്തോളം കടുത്ത കൊലപാതക രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇന്ത്യയില്‍ വേറൊന്നില്ല! അതിനാല്‍ ടി പി വധവുമായി ബന്ധപ്പെടുത്തി കമ്യൂണിസ്റ്റുകാരെ കൊലപാതക രാഷ്ട്രീയക്കാരെന്നു മുദ്രകത്തി താറടിക്കുന്ന നാവുകൊണ്ട് നേരന്ദ്ര മോദി തരംഗത്തിനു വക്കാലത്ത് പിടിക്കുന്ന മാധ്യമങ്ങളുടെ കൊലപാതക രാഷ്ട്രീയ വിരോധം അടിമുടി കപടമാണ്! പക്ഷേ ഇത് തിരിച്ചറിയാന്‍ പത്ത്മാസം ചുമന്നുപെറ്റ അമ്മക്ക് കണക്കു പറഞ്ഞ് കൂലി കൊടുത്ത് ശല്യം ഒഴിവാക്കാന്‍ ശ്രമിക്കാനാകാത്ത വിധം സ്‌നേഹസമ്പന്നമായ ഹൃദയമുള്ള മക്കളായിരിക്കുന്നവര്‍ക്കേ പറ്റു.
നൊന്തു പ്രസവിക്കാത്ത അമൃതാനന്ദമയി അമ്മയായി വാഴുന്ന കേരളത്തില്‍ അത്തരം മക്കള്‍ എത്ര പേരുണ്ടെന്ന കാര്യം പ്രത്യേക പരിശോധന അര്‍ഹിക്കുന്നുമുണ്ട്! ഈയടുത്തകാലത്ത് തൃശൂരിലെ അയ്യന്തോളില്‍ രണ്ട് കോണ്‍ഗ്രസ് യുവനേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. കോണ്‍ഗ്രസുകാരായ ഗുണ്ടകള്‍ തന്നെയാണ് രണ്ട് കൊലപാതകങ്ങളും നടത്തിയത്. ഗ്രൂപ്പ് വഴക്കും പലിശപ്പണമിടപാടും ഒക്കെയായിരുന്നു അരുങ്കൊലകള്‍ക്കു കാരണം. കൊല്ലപ്പെട്ട യുവ കോണ്‍ഗ്രസ് നേതാക്കളില്‍ ആദ്യം കൊല്ലപ്പെട്ടയാള്‍ സഹകരണ വകുപ്പു മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ സന്തത സഹചാരിയായിരുന്നു.
കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ ഭാര്യയോടൊത്ത് ആരാധന നടത്തി ഇറങ്ങിയ ഉടനെയാണ് മന്ത്രിയുടെ അടുത്ത അനുയായിയായ കോണ്‍ഗ്രസ് നേതാവ് തുണ്ടം തുണ്ടമായി പട്ടാപ്പകല്‍ വെട്ടിനുറുക്കപ്പെട്ടത്. ഇത് കൊലപാതക രാഷ്ട്രീയമാണെന്നോ ഗുണ്ടകളും കൊള്ളപ്പലിശ പണിമിടപാടുകാരുമായൊക്കെ സംസ്ഥാനം ഭരിക്കുന്ന മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നു തെളിഞ്ഞത് ഞടുക്കുന്ന വസ്തുതയാണെന്നോ ഒന്നും ഇവിടെ ആരും ചര്‍ച്ച ചെയ്തില്ല. എന്നാല്‍ കൊടി സുനി എന്ന ഗുണ്ടയും സി പി എം നേതാക്കളും തമ്മില്‍ എന്താണു ബന്ധം എന്ന കാര്യത്തെ പ്രതിവര്‍ഷങ്ങളായി നമ്മുടെ നാട്ടില്‍ ചാനലുകളില്‍ ചര്‍ച്ച നടന്നു കൊണ്ടേയിരിക്കുന്നു. ഇതൊക്കെ കാണുന്ന ഒരാള്‍ക്ക് എങ്ങനെയാണ് നമ്മുടെ മാധ്യമങ്ങള്‍ നിഷ്പക്ഷതയുള്ളതാണെന്നു കരുതാനാകുക. കൊന്നതും കൊല്ലപ്പെട്ടതും കോണ്‍ഗ്രസുകാരാണെങ്കില്‍ അതൊരു ഒറ്റപ്പെട്ട സംഭവവും ഒന്നോ രണ്ടോ ദിവസത്തെ വാര്‍ത്തയും മാത്രമാക്കുന്ന മാധ്യമങ്ങള്‍ തന്നെയാണ് കൊലപാതകികള്‍ക്ക് സി പി എം ബന്ധം ആരോപിക്കാവുന്ന വിധത്തില്‍ കൈത്തണ്ടയില്‍ അരിവാള്‍ പച്ച കുത്തിയിരിക്കുന്നതോ മറ്റോ കണ്ടെത്താനായാല്‍ വര്‍ഷങ്ങളോളം അതുവെച്ച് കമ്യൂണിസ്റ്റുകാരെ കൊലപാതക രാഷ്ട്രീയക്കാര്‍ എന്നു മുദ്ര കുത്തുന്നത്. ഇതില്‍ കമ്യൂണിസ്റ്റ്‌വിരുദ്ധത എന്നതിനോളം എവിടെയാണ് നിഷ്പക്ഷതയുള്ളത്? കേരളം ഉത്തരം തേടിക്കൊണ്ടിരിക്കുന്ന ഒരു ചോദ്യമാണിതെന്ന കാര്യമെങ്കിലും കമ്യൂണിസ്റ്റ്‌വിരുദ്ധതക്കുവേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്തു വാര്‍ത്തകളും ചര്‍ച്ചകളും സംഘടിപ്പിക്കുന്ന ദൃശ്യമാധ്യമങ്ങളും അതിലെ കൂലിപ്പണിക്കാര്‍ മാത്രമായിപ്പോയതു വഴി വ്യക്തിത്വം ഇല്ലാതായ്‌ക്കൊണ്ടിരിക്കുന്നവരുമായ പുതു തലമുറ മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നത് നന്നായിരിക്കാം. അല്ലാത്ത പക്ഷം ചാനലുകള്‍ ഉണ്ടാകും; പക്ഷേ കാഴ്ചക്കാര്‍ ഉണ്ടാകാതെ വരും.