ആശ്വാസത്തിന്റെ ആശാകിരണമാകാന്‍ സൈനബയുണ്ട്

Posted on: December 22, 2013 11:47 pm | Last updated: December 22, 2013 at 11:47 pm

SAINABA STORY PHOTOകോഴിക്കോട്: പ്രതീക്ഷയറ്റ് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്നവരുടെ നിറമുള്ള സ്വപ്‌നങ്ങള്‍ തുന്നിച്ചേര്‍ക്കുകയാണിവിടെ സൈനബത്താത്തയും കൂട്ടരും. ജീവിതത്തിന്റെ കനല്‍ച്ചൂടില്‍ ഉരുകിയൊലിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് ഈ സംഘം. സ്വന്തമായി ജോലിയെടുത്ത് ജീവിക്കാനുള്ള സാധാരണക്കാരുടെ സ്വപ്‌നമാണ് പറമ്പില്‍ ബസാറിലെ തയ്യല്‍കടയില്‍ ഇഴചേര്‍ത്ത് യാഥാര്‍ഥ്യമാക്കുന്നത്. കടയുടമ സൈനബ പി കുരുവട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം പാവപ്പെട്ടവരെ സഹായിക്കാനുള്ള ‘ജനസേവ’ എന്ന ഉദ്യമത്തിന് തുടക്കമിട്ടത് അടുത്തിടെയാണ്. ആരോരും ഇല്ലാതെയും അസുഖത്തെ തുടര്‍ന്നും കഷ്ടമനുഭവിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയാണ് ജനസേവയുടെ ലക്ഷ്യം. സഹായിക്കാന്‍ സന്നദ്ധരായിട്ടുള്ളവരില്‍ നിന്ന് പണം കണ്ടെത്തി സഹായം ആവശ്യമുള്ളവര്‍ക്ക് എത്തിക്കുകയാണ് ജനസേവയിലൂടെ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
പുതു വര്‍ഷത്തില്‍ ഒരു വിഭാഗം ആളുകള്‍ക്ക് സഹായം നല്‍കി സംഘടനയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ തയ്യാറെടുക്കുകയാണിവര്‍. പദ്ധതിയുടെ എല്ലാ കാര്യത്തിനും മുന്നില്‍ നിന്ന് നയിക്കുന്നത് പറമ്പില്‍ ബസാറുകാരുടെ സൈനബത്താത്ത തന്നെ. പ്രായഭേദമന്യേ പ്രദേശത്തുകാരുടെ പ്രിയങ്കരിയാണ് ഇവര്‍. ഡിഗ്രിയും ഡിപ്ലോമയുമില്ലെങ്കിലും ചുറ്റുവട്ടത്തുള്ളവരുടെ കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള പ്രായോഗിക പരിജ്ഞാനം ഇവര്‍ക്ക് വേണ്ടുവോളമുണ്ട്. പറമ്പില്‍ ബസാര്‍ അങ്ങാടിയില്‍ 26 വര്‍ഷമായി തയ്യല്‍ക്കട നടത്തുകയാണ് ഇവര്‍. ഈ കടക്കുമുണ്ട് പ്രത്യേകതകള്‍. പഠിക്കാന്‍ താത്പര്യവുമായി വരുന്ന ആരെയും സൈനബത്താത്ത തയ്യല്‍ പഠിപ്പിക്കും. അതും സൗജന്യമായി. രാവിലെ പത്തര മുതല്‍ പന്ത്രണ്ട് മണി വരെ ഇവരെ പഠിപ്പിക്കാനായി മാറ്റി വെച്ചിരിക്കുകയാണ്. തന്റെ തുന്നല്‍ക്കടയില്‍ നിന്ന് പഠിപ്പിക്കുന്നതിന് പുറമേ ജില്ലയിലെ പല സ്ഥലങ്ങളിലും പോയി ഇവര്‍ തയ്യല്‍ പഠിപ്പിക്കുന്നു.
ഇവിടേയും പരിശീലനം സൗജന്യമാണ്. താത്പര്യമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് ഏതൊരാള്‍ക്കും തയ്യല്‍ പഠിക്കാമെന്നാണ് സൈനബത്താത്തയുടെ കമന്റ്. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വളണ്ടിയറുമാണ് സൈനബ. ഞായറാഴ്ച അവശത അനുഭവിക്കുന്ന പാലിയേറ്റീവിലെ രോഗികള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഇതിനൊക്കെ പുറമെ പല സ്‌കൂളുകളിലും കുടുംബശ്രീ കൂട്ടായ്മകളിലുമൊക്കെ പോയി സ്ത്രീകളെ ബോധവത്കരിക്കാനും മുന്‍പന്തിയില്‍ സൈനബത്താത്തയുണ്ട്.
സമൂഹത്തില്‍ നടക്കുന്ന എല്ലാ അനീതികള്‍ക്കെതിരെയും ആരെയും കൂസാതെ അവര്‍ പ്രതികരിക്കും. കോഴിക്കോട്ടെ സാമൂഹികകൂട്ടായ്മകളിലെ സ്ഥിരം സാന്നിധ്യവുമാണ് ഇവര്‍. ഈ പൊതുപ്രവര്‍ത്തനത്തിനിടയില്‍ നിന്നാണ് ‘ജനസേവ’ എന്ന ആശയത്തിലേക്ക് എത്തിയത്. തന്നേടൊപ്പം നില്‍ക്കുന്ന കുറച്ചു പേരെ ഇതിനായി കണ്ടുപിടിക്കാനും സാധിച്ചു. ഓട്ടോ ഡ്രൈവറായ ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കുന്നത്.