Connect with us

Business

ഓഹരി വിപണിയെ സജീവമാക്കി ബുള്‍ തരംഗം

Published

|

Last Updated

ഓഹരി വിപണികളില്‍ വീണ്ടും ബുള്‍ തരംഗം. ആര്‍ ബി ഐ യും യു എസ് ഫെഡ് റിസര്‍വും അവയുടെ പണ വായ്പ്പ അവലോകനത്തില്‍ കടുത്ത നടപടികള്‍ക്ക് മുതിരാത്തത് ഇന്തോ-യു എസ് ഓഹരി വിപണികളെ സജീവമാക്കി. വിപണിക്ക് അനുകൂലമായ തീരുമാനം കേന്ദ്ര ബേങ്കുകള്‍ പുറത്തുവിട്ടത് ആഭ്യന്തര വിദേശ നിക്ഷേപകരെ ഓഹരി വിപണിയിലേക്ക് അടുപ്പിച്ചു.
നിഫ്റ്റിയും സെന്‍സെക്‌സും വാരാരംഭത്തില്‍ അല്‍പ്പം തളര്‍ച്ചയിലായിരുന്നങ്കിലും പിന്നീട് നേട്ടം കൈവരിച്ചു. ഇതിന്റെ ഫലമായി ബി എസ് ഇ സുചിക 364 പോയന്റും നിഫ്റ്റി 105 പോയിന്റും പ്രതിവാരനേട്ടം കൈവരിച്ചു. തിങ്കളാഴ്ച തുടക്കത്തില്‍ 20,715 ല്‍ നിന്ന് 20,593 ലേക്ക് താഴ്ന്ന ബി എസ് ഇ പിന്നിട് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു. ഇതോടെ 21,000 ലെ നിര്‍ണായക തടസ്സം കടന്ന് 21,117 വരെ കയറി. ഉയര്‍ന്ന നിലവാരത്തിലെ ലാഭമെടുപ്പ് മുലം സെന്‍സെക്‌സ് വാരാന്ത്യം 21,079 ലാണ്. വിപണിയുടെ സാങ്കേതിക വശങ്ങള്‍ വിലയിരുത്തിയാല്‍ ഈ വാരം വിപണി ഒരു കണ്‍സോളിഡേഷന് ശ്രമം നടത്താം.
നിഫ്റ്റി താഴ്ന്ന നിലവാരമായ 6129 വരെ പരീക്ഷണം നടത്തിയ ശേഷം 6283 ലേക്ക് കയറി. പോയവാരം 1.72 ശതമാനമാണ് സൂചിക കയറിയത്. ഇടപാടുകള്‍ അവസാനിക്കുമ്പോള്‍ നിഫ്റ്റി 6274 പോയന്റിലാണ്. സൂചികക്ക് 6328-6382 ല്‍ പ്രതിരോധവും 6174-6020 ല്‍ താങ്ങുമുണ്ട്. ഫ്യൂചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ഡിസംബര്‍ സീരിസ് സെറ്റില്‍മെന്റ്റ് വ്യാഴാഴ്ചയാണ്. ബുധനാഴ്ച ക്രിസ്തുമസ് അവധിയായതിനാല്‍ രണ്ട് ദിവസം മാത്രം സെറ്റില്‍മെന്റിന് ശേഷിക്കുന്നുള്ളു.
ഫാര്‍മസ്യുട്ടിക്കല്‍, പെട്രോളിയം ഗ്യാസ്, പവര്‍, റിയാലിറ്റി, ഓട്ടോ മൊബൈല്‍ ഓഹരികളില്‍ വാങ്ങല്‍ താത്പര്യം ശക്തമായിരുന്നു. അമേരിക്കന്‍ സമ്പദ്ഘടന ഉണര്‍വിന്റെ പാതയിലേക്ക് നീങ്ങുന്നുവെന്ന സുചനകള്‍ ടെക്‌നോളജി വിഭാഗം ഓഹരികളെയും ശ്രദ്ധേയമാക്കി. ഇന്‍ഫോസീസ്, വിപ്രോ, റ്റി സി എസ് എന്നിവ തിളങ്ങി.
4.8 ശതമാനം നേട്ടത്തിലുടെ തിളക്കമാര്‍ന്ന പ്രകടനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ടു. സണ്‍ ഫാര്‍മ്മ, സിപ്ല, ഡോ. റെഡീസ് എന്നിവയും മുന്നേറി. ഏറ്റവും ശക്തമായ പ്രകടനം നടത്തിയ മാരുതി സുസുക്കിയുടെ നിരക്ക് ഏഴു ശതമാനം വര്‍ധിച്ച് 1810 ലേക്ക് അടുത്തു. ഡെറിവേറ്റീവ് മാര്‍ക്കറ്റിലും ക്യാഷ് മാര്‍ക്കറ്റിലും ഇടപാടുകളുടെ വ്യാപ്തി രണ്ടാം പകുതിയില്‍ കുതിച്ച് ഉയര്‍ന്നു. ബി എസ് ഇ യില്‍ ഇടപാടുകള്‍ 11,772.25 കോടി രൂപയായും നിഫ്റ്റിയില്‍ 60,818.97 കോടി രൂപയായും ഉയര്‍ന്നു.
സാമ്പത്തിക മേഖലയില്‍ ഉണര്‍വ് കണ്ട് തുടങ്ങിയതിനാല്‍ കടപത്രം ശേഖരിക്കുന്നത് കുറക്കുമെന്ന് അമേരിക്കന്‍ കേന്ദ്ര വ്യക്തമാക്കി. ഇത് യു എസ് ഡോളര്‍ സുചികക്ക് നേട്ടമായി. ഡൗ ജോണ്‍സ് സുചിക മുന്ന് ശതമാനം നേട്ടത്തിലുടെ റെഗക്കാര്‍ഡ് പ്രകടനം കാഴ്ചവെച്ചു. നാസ്ഡാക്കും എസ് ആന്‍ഡ് പി ഇന്‍ഡക്‌സും മികവിലാണ്. ഡോളറിന്റെ മികവ് സ്വര്‍ണത്തിനു തിരിച്ചടിയായി. ജൂണിനു ശേഷം ഇതാദ്യമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1190 ഡോളറായി.

Latest