ഇന്ത്യാ ടുഡെ സര്‍വേ: ഗുജറാത്തിനെ പിന്തള്ളി കേരളം ഒന്നാമത്

Posted on: December 22, 2013 7:50 pm | Last updated: December 23, 2013 at 1:08 pm

India todayതിരുവനന്തപുരം: ഇന്ത്യാ ടുഡെ നടത്തിയ സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്‌സ് സര്‍വേയില്‍ ഗുജറാത്തിനെ നാലം സ്ഥാനത്തേക്ക് പിന്തള്ളി കേരളം ഒന്നാമതെത്തി. കഴിഞ്ഞ പ്രാവശ്യം ഗുജറാത്തായിരുന്നു ഒന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം, സൂക്ഷ്മ സമ്പദ് വ്യവസ്ഥ, കൃഷി, ഉപഭോക്തൃ വിപണി, നിക്ഷേപം എന്നീ മേഖലകളിലാണ് കേരളം മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ളത്. ഇന്ത്യാ ടുഡെ ഡിസംബര്‍ 30 ലക്കത്തിലാണ് സര്‍വെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2011ല്‍ ഒന്‍പതാം സ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തും ഈ വര്‍ഷം ഒന്നാം സ്ഥാനത്തും എത്തിയിരിക്കുകയാണ്. ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവക്കാണ് ഒന്നാം സ്ഥാനം.

ആഭ്യന്തര ഉത്പാദന വളര്‍ച്ചയില്‍ 10 ശതമാനവും മൂലധനച്ചെലവില്‍ 30 ശതമാനവും വളര്‍ച്ചയാണ് കേരളം രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യം കേരളത്തെ അശേഷം ബാധിച്ചിട്ടില്ലെന്നാണ ഈ വളര്‍ച്ചാ നിരക്കുകള്‍ കാണിക്കുന്നത്.

അധ്യാപകവിദ്യാര്‍ഥി അനുപാതം നൂറ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് അധ്യാപകര്‍ എന്നിടത്ത് ഇരുപത്തഞ്ചു വിദ്യാര്‍ഥികള്‍ക്ക് ഒരധ്യാപകന്‍ എന്ന നിലയിലായി. ഇരുചക്രവാഹന ഉടമകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ദ്ധനയുണ്ടായതാണ്. ദേശീയ തലത്തില്‍ ഇത് 15 ശതമാനമാണ്. ആളോഹരി വരുമാനത്തിലും സംസ്ഥാനം തന്നെ മുന്നിലെന്നതിന് തെളിവാണിതെന്ന് സര്‍വേ വിലയിരുത്തുന്നു.