Connect with us

Gulf

ഷാര്‍ജയിലെ സെര്‍ബു നയര്‍ ദ്വീപ് ആഗോള സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുത്തി

Published

|

Last Updated

ഷാര്‍.ജ: രാജ്യത്തെ പ്രമുഖ കണ്ടല്‍ മേഖലയും തണ്ണീര്‍തടവുമായ സെര്‍ബു നയര്‍ ദ്വീപ് റംസാറിന്റെ ആഗോള സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. ദ്വീപിന്റെ പ്രത്യേക പരിസ്ഥിതിയും അത്യപൂര്‍വ ജീവികളുടെ സാന്നിധ്യവും പരിഗണിച്ചാണ് ഈ നടപടി. ഷാര്‍ജ തീരത്തു നിന്നും 112 കിലോമീറ്റര്‍ കടലിലേക്ക് മാറിയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. തണ്ണീര്‍തട സംരക്ഷണവുമായി ബന്ധപ്പെട്ട് 2007ല്‍ യു എ ഇ റംസാര്‍ കണ്‍വെന്‍ഷനില്‍ ഒപ്പ് വെച്ചിരുന്നു. ഇതാണ് ദ്വീപിനെ ആഗോള സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. കല്‍ബയിലെ അല്‍ ഗാഫിയ കണ്ടല്‍ മേഖല കഴിഞ്ഞാല്‍ രണ്ടാമത്തേതാണ് ഈ പ്രദേശം. 2000ല്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ദ്വീപിനെ സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു. മേഖലയില്‍ മുത്ത് അന്വേഷിക്കുന്നവരുടെ പ്രധാന കേന്ദ്രമായിരുന്നു മുന്‍കാലങ്ങളില്‍ ഈ ദ്വീപ്.

സെര്‍ബു ദ്വീപ് എല്ലാ അര്‍ഥത്തിലും ഈ പദവിക്ക് അര്‍ഹമാണെന്ന് റംസാറിന്റെ മുതിര്‍ന്ന മേഖലാ ഉപദേശകനായ ലെവ് യൂണ്‍ അഭിപ്രായപ്പെട്ടു. 1,300 ഹെക്ടര്‍ മാത്രമാണ് ദ്വീപിന്റെ വിസ്തീര്‍ണമെങ്കിലും ഇവിടെ വളരുന്ന ജീവജാലങ്ങളുടെയും ചെടികളുടെയും വൈവിധ്യമാണ് ഇതിലേക്ക് നയിച്ചത്. 40 തരം പവിഴ പുറ്റുകള്‍, 76 തരം പവിഴപുറ്റില്‍ ആവാസം ഉറപ്പിക്കുന്ന മത്സ്യങ്ങള്‍ എന്നിവയെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കാണപ്പെടുന്ന പവിഴപുറ്റുകളില്‍ ഏഴെണ്ണം വംശനാശത്തിന്റെ പേരില്‍ നെയിച്വര്‍ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവയാണ്. വംശനാശം നേരിടുന്ന ഹവക്ബില്‍ ആമകള്‍ മുട്ടയിടാനായി തിരഞ്ഞെടുക്കുന്ന പ്രദേശം കൂടിയാണെന്നത് ദ്വീപ് സംരക്ഷണത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദുബൈയിലെ റാസല്‍ഖോര്‍ മേഖല, ഫുജൈറയിലെ വാദി വുറയ്യ നാഷണല്‍ പാര്‍ക്ക്, അബുദാബിയിലെ അല്‍ വത്ത്ബ വെറ്റ്‌ലാന്റ് റിസേര്‍വ് എന്നിവയും റംസാറിന്റെ പട്ടികയില്‍ ഇടംപിടിച്ചവയാണ്. ദ്വീപിന്റെ പ്രകൃതി നേരിടുന്ന ഭീഷണി മനസിലാക്കിയാണ് സംരക്ഷിത പ്രദേശമായി സര്‍ക്കാര്‍ മുമ്പേ പ്രഖ്യാപിച്ചതെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയാസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹന സെയ്ഫ് അല്‍ സുവൈദിയും വ്യക്തമാക്കി.

Latest