അഭിലാഷിനെ പന്ത്രണ്ടു വര്‍ഷമായി അറിയാം: തിരുവഞ്ചൂര്‍

Posted on: December 22, 2013 1:25 pm | Last updated: December 22, 2013 at 5:31 pm

thiruvanjoorകോട്ടയം: ഗുജറാത്തിലെ വിവാദ വ്യവസായി അഭിലാഷ് മുരളീധരനെ പന്ത്രണ്ട് വര്‍ഷമായി അറിയാമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഭിലാഷിന്റെ കമ്പനിയുടെ കണ്‍സള്‍ട്ടന്റാണ് തന്റെ മകനെന്നും താന്‍ മന്ത്രിയാകും മുമ്പ് തന്നെ മകന് ജോലി ലഭിച്ചിരുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. യു ഡി എഫില്‍ നിന്ന് നരേന്ദ്ര മോഡിയുടെ പരിപാടിയില്‍ പങ്കെടുത്തത് ചര്‍ച്ചയാകാതിരിക്കാനാണ് തനിക്കെതിരെ ചിലര്‍ ആരോപണമുന്നയിക്കുന്നതെന്നും പി സി ജോര്‍ജിനെ ഉദ്ദേശിച്ച് തിരുവഞ്ചൂര്‍ പറഞ്ഞു.

വിദേശത്ത് നിന്ന് സ്‌കോള്‍ഷിപ്പോടെ പഠനം പൂര്‍ത്തിയാക്കിയ തന്റെ മകന് പ്രൊഫഷണല്‍ മികവിന്റെ അടിസ്ഥാനത്തിലാണ് അഭിലാഷിന്റെ കമ്പനിയില്‍ ജോലി ലഭിച്ചത്. അല്ലാതെ തനന്റെ മകനെന്ന നിലയിലല്ല. അഭിലാഷുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉന്നയിക്കുന്ന ഏത് ആരോപണങ്ങളിലും എല്ലാ അന്വേഷണത്തിനും തയ്യാറാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ മക്കളേക്കാള്‍ തന്റെ മക്കള്‍ നല്ല വിദ്യാഭ്യാസം നേടിയവരാണ്. ഇതിലുളള അസൂയയും ആരോപണങ്ങള്‍ക്കു പിന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.