Connect with us

National

വീടുകളിലേക്ക് തിരിച്ചുപോകണമെന്ന് കലാപ ബാധിതരോട് രാഹുല്‍

Published

|

Last Updated

മുസാഫര്‍ നഗര്‍: കലാപം തൂത്തെറിഞ്ഞ മൂസാഫര്‍നഗറില്‍ എ ഐ സി സി വൈസ്പ്രസിഡന്റ് രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. പുനരധിവാസ കേന്ദങ്ങളില്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ അവിടെ കഴിയുന്നവരോട് എത്രയും വേഗം സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകണമെന്ന് ഉപദേശിച്ചു.

“നിങ്ങള്‍ എന്നും ഇവിടെ തന്നെ കഴിയണമെന്നാണ് കലാപം ആസൂത്രണം ചെയ്തവരുടെ ആവശ്യം. ഇതുകൊണ്ടുള്ള ഗുണം അവര്‍ക്കാണ്. പക്ഷേ ഇതിന് നാം നിന്നുകൊടുത്തുകൂടാ. വീടുകളിലേക്ക് തിരിച്ചുപോകുന്നതിന് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നറിയാം എങ്കിലും ഈ നില്‍പ്പ് ദീഘകാലത്തേക്ക് ഗുണം ചെയ്യില്ല. അതുകൊണ്ട് വീടുകളിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ച് ചിന്തിക്കണം” – രാഹുല്‍ പറഞ്ഞു. അതിന് എന്ത് സഹായം വേണമെങ്കിലും താന്‍ ചെയ്തുതരാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗ്, എ ഐ സി സി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി തുടങ്ങിയവരും രാഹുലിനൊപ്പമുണ്ടായിരുന്നു. അതിനിടെ, മുസാഫര്‍ നഗറിലെത്തിയ രാഹുല്‍ ഗാന്ധിക്ക് നേരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാട്ടി. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മതിയായ സഹായം നല്‍കിയില്ലെന്നാരോപിച്ച് അദ്ദേഹത്തെ തടഞ്ഞുവെക്കുകയും ചെയ്തു.

കഴിഞ്ഞ സെപ്തംബറില്‍ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപത്തില്‍ 60 ഓളം പേര്‍ കൊല്ലപ്പെടുകയും 40,000ത്തിലേറെ പേര്‍ ഭവനരഹിതരാക്കപ്പെടുകയും ചെയ്തിരുന്നു.

Latest