Connect with us

Palakkad

ഒമ്പത് വര്‍ഷം കഴിഞ്ഞ് പ്രതികള്‍ പിടിയിലായി

Published

|

Last Updated

കോയമ്പത്തൂര്‍: കഞ്ചാവ് വില്‍പനക്കാര്‍ തമ്മിലുള്ള സംഘട്ടനത്തിനിടെ യുവാവിനെ കൊന്ന് കിണറ്റിലെറിഞ്ഞ കേസില്‍ ഒമ്പത് വര്‍ഷം കഴിഞ്ഞ് പ്രതികള്‍ പിടിയിലായി. ഗണപതി രാജസ്ട്രീറ്റില്‍ രാജ സേവ്യറിന്റെ മകന്‍ ബെര്‍ണാഡിനെ (18) കൊലപ്പെടുത്തിയ കേസിലാണ് വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റുണ്ടായത്.
ബെര്‍ണാഡിന്റെ അയല്‍ക്കാരും ഗണപതി രാജ സ്ട്രീറ്റ് നിവാസികളുമായ സൗന്ദര്‍രാജന്‍ (27), ശിവവിഷ്ണു (26) എന്നിവരാണ് പിടിയിലായത് 2005 ലായിരുന്നു സംഭവം.
കഞ്ചാവ് വില്‍പ്പനസംഘത്തിലെ അംഗങ്ങളായിരുന്നു മൂന്നുപേരും. ബെര്‍ണാഡിന്റെ പക്കല്‍നിന്ന് സൗജന്യമായി കഞ്ചാവ് ചോദിച്ച് കിട്ടാത്തതിന്റെ ദേഷ്യത്തിനാണ് രാജനും വിഷ്ണുവും ചേര്‍ന്ന് ബെര്‍ണാഡിനെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയത്.
തുടര്‍ന്ന്, മൃതദേഹം ഗണപതിയിലെ ബാലമുരുകന്‍നഗറിലെ 150 അടിയിലേറെ താഴ്ചയുള്ള കിണറ്റിലിട്ടു. മണം പുറത്തുവന്ന് ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ കോഴിക്കടയിലെ വേസ്റ്റും മറ്റും പിന്നാലെ കൊണ്ടുവന്ന് കിണറ്റില്‍ തള്ളി.
സ്വകാര്യവ്യക്തികളുടെ പറമ്പിലായിരുന്നു കിണര്‍. കുറച്ചുനാള്‍ കഴിഞ്ഞ് അവര്‍ ഈ കിണര്‍ മൂടുകയുംചെയ്തതോടെ കൊലപാതകം ഒരിക്കലും പുറത്തറിയില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതികള്‍. ബെര്‍ണാഡ് നാടുവിട്ടുപോയതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.
എന്നാല്‍, ബെര്‍ണാഡിന്റെ തിരോധാനം അന്വേഷിക്കണമെന്ന് കാണിച്ച് അമ്മ പ്രേമ 2010ല്‍ ശരവണം പട്ടി പോലീസിന് പരാതിനല്‍കിയതോടെയാണ് കേസ് വിശദമായി അന്വേഷിക്കപ്പെട്ടത്.
ബെര്‍ണാഡുമായി അടുത്തബന്ധമുണ്ടായിരുന്നവരെയും സുഹൃത്തുക്കളെയും വിശദമായി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തപ്പോള്‍ കേസ് തെളിയിക്കാന്‍ പോലീസിന് സാധിച്ചു.

Latest