സ്വസമുദായക്കാര്‍ ഊരുവിലക്കി: ദലിത് കുടുംബം

Posted on: December 22, 2013 12:59 pm | Last updated: December 22, 2013 at 12:59 pm

പാലക്കാട്: സ്വസമുദായക്കാര്‍ ഊരുവിലക്കിയെന്ന പരാതിയുമായി ദലിത് കുടുംബം. വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലം തെക്കേത്തറയിലെ റിട്ട. തപാല്‍ വകുപ്പ് ജീവനക്കാരന്‍ മണി, ഭാര്യ കമലം എന്നിവരാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് സ്വന്തം സമുദായമായ കണക്ക പട്ടികജാതിക്കാര്‍ ഊരുവിലക്ക് കല്‍പിച്ചുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.
മകള്‍ അകന്ന ബന്ധുവും അതേ സമുദായക്കാരനുമായ യുവാവിനെ പ്രേമിച്ചു വിവാഹം കഴിച്ചതിന് സമുദായാചാരപ്രകാരം തെറ്റുപണമെന്ന പേരില്‍ 15,000 രൂപ പിഴയൊടുക്കാത്തതിനാണ് ഊരുവിലക്കെന്ന് മണി പറഞ്ഞു. സര്‍വീസില്‍നിന്ന് വിരമിച്ചപ്പോള്‍ തന്റെ യാത്രയയപ്പില്‍ പങ്കെടുത്ത ഏഴോളം കുടുംബങ്ങളില്‍നിന്ന് പിഴയായി 250 രൂപ വീതം ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സമുദായക്കാരനായ കേരള ദലിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റാണ് തന്നെ ഊരുവിലക്കാന്‍ മുന്‍കൈയെടുത്തതെന്നും മണി ആരോപിച്ചു.
അതേസമയം സമുദായ ഭദ്രതയും സദാചാരവും നിലനിര്‍ത്താന്‍ കാലങ്ങളായി കണക്ക പട്ടികജാതി സമുദായത്തില്‍ നിലനിന്നു വരുന്ന ആചാരമാണ് തെറ്റുപണമെന്ന് കെ ഡി —എഫ് ജില്ലാ പ്രസിഡന്റ് സി സുബ്രഹ്മണ്യന്‍ പറഞ്ഞു.
മക്കള്‍ ഒളിച്ചോടുകയോ മറ്റു വിഭാഗങ്ങളിലുള്ളവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ തെറ്റുപണം അടക്കണമെന്നാണ് വ്യവസ്ഥ. സാധാരണഗതിയില്‍ ഇത് 501 രൂപയോ 1001 രൂപയോ ആണ്. പണമില്ലാത്തവര്‍ തെറ്റ് ഏറ്റുപറഞ്ഞാലും മതി. ഈ പണം സമുദായത്തിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുക.
ആരോപണമുന്നയിച്ച മണി സമുദായ സെക്രട്ടറിയായിരിക്കുന്ന കാലത്താണ് സമുദായത്തിലെ ഒരംഗത്തിന്റെ മകള്‍ അന്യമതസ്ഥനായ യുവാവിനെ പ്രേമിച്ചു വിവാഹം കഴിച്ചതിന് 15,000 രൂപ പിഴയായി ഈടാക്കണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിലും പ്രശ്‌നമുണ്ടായപ്പോള്‍ ഇതേ തുക ഈടാക്കണമെന്ന് സമുദായത്തിലെ മറ്റുള്ളവര്‍ ആവശ്യപ്പെടുകയായിരുന്നു. പ്രശ്‌നം വടക്കഞ്ചേരി സി ഐ യുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍ക്കുകയും സമുദായവുമായി ഇനി ബന്ധമില്ലെന്ന് മണി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സമുദായ കെട്ടിടത്തില്‍ അദ്ദേഹത്തിന്റെ വിഹിതമായ 3521 രൂപ നല്‍കി അവസാനിപ്പിക്കുകയും ചെയ്തതാണ്. കക്ഷിരാഷ്ട്രീയമില്ലാതെ സമുദായാംഗങ്ങള്‍.