Connect with us

Articles

വെല്ലൂര്‍ ബാഖിയാത്ത് ഒന്നര നൂറ്റാണ്ടിന്റെ നിറവില്‍

Published

|

Last Updated

മത വൈജ്ഞാനിക രംഗത്തെ ദക്ഷിണേന്ത്യയിലെ പ്രമുഖ ഉപരിപഠന കലാലയമാണ് തമിഴ്‌നാട്ടിലെ വെല്ലൂരിലെ ബാഖിയാത്തു സ്വാലിഹാത്ത്. ഇന്ത്യയില്‍ ഒന്നര നൂറ്റാണ്ടിനിടയില്‍ ആരംഭിച്ച ഒട്ടുമിക്ക മത സ്ഥാപനങ്ങളുടെയും കോളജുകളുടെയും താഴ്‌വേര് ചെന്നെത്തുന്നത് മഹത്തായ ഈ ശരീഅത്ത് കോളജിലേക്കാണ്.
പാണ്ഡിത്യത്തിന്റെ പ്രൗഢിയും പഴമയുടെ പ്രതാപവുമൊക്കെ അലങ്കരിക്കുന്ന ഈ കോളജിന്റെ സന്തതികളായി പഠനം കഴിഞ്ഞിറങ്ങിയ ബാഖവി ബിരുദധാരികളാണ് പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മത കലാലയങ്ങളുടെ ആരംഭത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത്. ഇതിനാല്‍ മതകലാലയങ്ങളുടെ മാതാവ് എന്നര്‍ഥത്തിലുള്ള ഉമ്മുല്‍ മദാരിസ് എന്നാണ് ഇന്ന് ബാഖിയാത്തു സ്വാലിഹാത്ത് അറിയപ്പെടുന്നത്.
ഇന്ന് ഇന്ത്യാ രാജ്യത്തെ മത പ്രചാരണങ്ങളിലും അതിന് സാരഥ്യം നല്‍കുന്ന പണ്ഡിത സംഘടനകളിലും കാണപ്പെടുന്ന ബാഖവിമാരുടെയും അവരുടെ ശിഷ്യന്മാരുടെയും സാന്നിധ്യം ഈ കോളജിന്റെ പ്രഭാവത്തിന് മാറ്റ് കൂട്ടുന്നു. ഇന്ന് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രപരമായ മത വിദ്യാഭ്യാസ സേവന പാരമ്പര്യവുമായി ഇന്ത്യയിലെ ഈ അത്യുന്നത മത കലാലയം 150-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. മുസ്‌ലിം ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ ഒരു ദൗത്യമാണ് ബാഖിയാത്ത് നിര്‍വഹിച്ചത്. ദക്ഷിണേന്ത്യയിലെ മത വിദ്യാഭ്യാസ ചലനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ അടിത്തറ പാകിയത് വെല്ലൂരിലെ ഈ കോളജാണ്.
1857 ല്‍ സ്ഥാപിതമായ ഈ മതകലാലയത്തില്‍ നിന്ന് ഇതിനകം പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലും പുറത്തുമായി മത മേഖലയില്‍ സേവനം ചെയ്യുന്ന പതിനായിരക്കണക്കിന് ബാഖവിമാര്‍ക്ക് ഈ സ്ഥാപനത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരായിരം അനുഭവങ്ങളാണുള്ളത്.
ബാഖിയാത്തിന്റെ സ്ഥാപകനായ അശ്ശൈഖ് അല്ലാമാ ശംസുല്‍ ഉലമ അബ്ദുല്‍ വഹാബ് അല്‍ ഖാദിരി അവര്‍കളുടെ ജീവിത ശുദ്ധിയും സൂക്ഷ്മവുമാണ് ഇന്ന് 150 വര്‍ഷങ്ങള്‍ക്കിപ്പുറം ഈ കോളജിനെ ഇന്ത്യയിലെ മത കലാലയങ്ങളുടെ മാതാവ് എന്ന ശ്രേണിയിലേക്കുയര്‍ത്തിയത്.
വെല്ലൂരിലെ ഈ കലാലയത്തില്‍ നിന്ന് ബിരുദമെടുത്തിറങ്ങിയ ഞാനുള്‍പ്പെടെയുള്ള ബാഖവിമാര്‍ക്ക് ഈ കോളജിനെ സ്മരിക്കുമ്പോള്‍ സ്മൃതിപഥത്തില്‍ ആദ്യം തെളിഞ്ഞു വരുന്നത് അഅ്‌ലെ ഹസ്‌റത്ത്, ബാനീ ഹസ്‌റത്ത് എന്നീ പേരുകളില്‍ പ്രശസ്തനായ പണ്ഡിതന്റെ സൂക്ഷ്മ ജീവിതത്തെക്കുറിച്ചാണ്. കോളജിന്റെ അധ്യാപകനും സ്ഥാപകനും നടത്തിപ്പുകാരനുമായ അദ്ദേഹം അതിസൂക്ഷ്മമായ ജീവിത രീതിയിലൂടെയും പ്രവര്‍ത്തന ശൈലിയിലൂടെയുമാണ് കോളജിനെ മുന്നോട്ടു നയിച്ചത്. അധ്യാപനത്തിന് വേണ്ടി മണ്ണെണ്ണ വിളക്കുകള്‍ ആശ്രയിച്ചിരുന്ന അക്കാലത്ത് പണ്ഡിതന്‍ തന്റെ മുറിയില്‍ രണ്ട് വിളക്കുകള്‍ ഉപയോഗിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്ത് കഴിഞ്ഞാല്‍ കത്തിക്കൊണ്ടിരിക്കുന്ന വിളക്ക് അണച്ച് മറ്റൊരു വിളക്ക് കത്തിക്കുമായിരുന്നു. തന്റെ ചെലവില്‍ വാങ്ങിയ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന മറ്റൊരു വിളക്കിന്റെ വെളിച്ചത്തിലാണ് തന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. കോളജിന്റെ ആവശ്യത്തിന് മാത്രം കോളജിന്റെ വിളക്കും മണ്ണെണ്ണയും ഉപയോഗിക്കും.
അതുപോലെ എഴുതാനുള്ള പേന, കടലാസ്, മഷി, കുടിക്കാനുള്ള വെള്ളത്തിന്റെ കുപ്പി, വെള്ളം എന്നിവയൊക്കെ മഹാനവര്‍കള്‍ രണ്ടെണ്ണം വീതം സൂക്ഷിച്ചിരുന്നു. ഒന്ന് കോളജിനും ഒന്ന് തന്റെ ആവശ്യങ്ങള്‍ക്കും. കോളജില്‍ താമസിക്കുമ്പോഴുള്ള തന്റെ ഭക്ഷണമടക്കം സ്വന്തം ചെലവിലായിരുന്നു. ഒരിക്കല്‍ പുറത്തു നിന്ന് വെള്ളം ലഭ്യമല്ലാത്ത അവസരത്തില്‍ കോളജ് കാന്റീനില്‍ നിന്ന് കൊണ്ടുവന്ന വെള്ളത്തിന് ഓഫീസില്‍ പണം നല്‍കിയ ശേഷമാണ് കുടിക്കാന്‍ തയ്യാറായത്. അത്രയും സൂക്ഷ്മമാര്‍ന്ന ജീവിതത്തിന് ഉടമയായിരുന്നു ആ പണ്ഡിതപ്രതിഭ.
മഹാനവര്‍കള്‍ ഈ കലാലയം ആരംഭിക്കുന്നതിലേക്ക് നയിച്ച ചരിത്രവും വിശുദ്ധമായ പശ്ചാത്തലത്തിലൂടെ തന്നെയായിരുന്നു. മികച്ച പ്രഭാഷകന്‍കൂടിയായിരുന്ന മഹാനവര്‍കള്‍ ബ്രിട്ടീഷ് ഭരണത്തിലായിരുന്ന ഇന്ത്യയിലെ പരിതാപകരമായ മത വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ ഏറെ വിഷമത്തിലായിരുന്നു. അതിനൊരു പരിഹാരത്തിനായി വിശുദ്ധ മക്കയിലേക്ക് യാത്ര തിരിച്ചു. അവിടെ ഹറമില്‍ മതപഠനത്തില്‍ മുഴുകിച്ചേര്‍ന്നു. ഒപ്പം വിശുദ്ധ മുല്‍തസമിലും പ്രാര്‍ഥനക്ക് ഏറെ പ്രാധാന്യമുള്ള ഇടങ്ങളിലും തന്റെ നാടിന്റെ മത വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരത്തിനുള്ള പ്രാര്‍ഥനകളുമായി മുന്നോട്ടു പോയി.
പഠനവും പ്രാര്‍ഥനകളുമായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ മഹാനവര്‍കള്‍ ഇന്ത്യയിലേക്ക് തന്നെ തിരിച്ചു. ഇന്ത്യയിലെത്തി വീണ്ടും മത പ്രചാരണവും ദീനീ പ്രഭാഷണങ്ങളുമായി മുന്നോട്ടു പോകുമ്പോഴാണ് തന്റെ ഉസ്താദും ശൈഖുമായ റഹ്മത്തുല്ലാഹില്‍ കീറാനവി മുഹാജിര്‍ മക്കിയുടെ കത്ത് ലഭിക്കുന്നത്. മത പ്രബോധനങ്ങള്‍ക്കും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിക്കാന്‍ പക്വമായ പണ്ഡിത തലമുറയെ വാര്‍ത്തെടുക്കാനുള്ള കലാലയം ആരംഭിക്കുന്നതിന്റെ പ്രസക്തിയെ കുറിച്ചായിരുന്നു അതിന്റെ ഉള്ളടക്കം.
ഇതിനിടക്കാണ് മഹാനവര്‍കള്‍ ഒരു സ്വപ്‌നം കാണുന്നതും. ഒരു ഭംഗിയുള്ള പൂന്തോപ്പിലിരുന്ന് മഹാനവര്‍കള്‍ ജനങ്ങള്‍ക്ക് വിവിധ നിറത്തിലും രൂപത്തിലുമുള്ള പഴങ്ങള്‍ പറിച്ചു നല്‍കുന്നതായിരുന്നു ആ സ്വപ്‌നം. ഈ സ്വപ്‌നം തന്റെ ഉസ്താദിന്റെ കത്തിന്റെ പ്രാധാന്യം ശക്തിപ്പെടുത്തുന്നതായിരുന്നു. ഇതേ സമയത്തു തന്നെയാണ് മഹാനവര്‍കളോട് നാഗൂരിലെ പണ്ഡിതനായ ഒട്ടാഞ്ചേരിയിലെ ഗനീ തമ്പി അവര്‍കള്‍ അര്‍ഥപൂര്‍ണമായ മറ്റൊരു ഉപദേശം നല്‍കിയത്. നിങ്ങള്‍ ഇപ്പോള്‍ എല്ലായിടത്തും പ്രഭാഷണങ്ങള്‍ നടത്തുന്നു. ജനങ്ങള്‍ പ്രഭാഷണം ശ്രവിച്ച് ഉല്‍ബുദ്ധരാകുന്നു. എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം ജനങ്ങള്‍ വീണ്ടും പഴയ അവസ്ഥയിലേക്കെത്തുന്നു. മാത്രമല്ല, എല്ലായിടത്തും പോയി എക്കാലത്തും പ്രഭാഷണം നടത്താന്‍ താങ്കള്‍ക്ക് കഴിയുകയുമില്ല. അതിനാല്‍ താങ്കള്‍ അതിന് കഴിയുന്ന യോഗ്യരായ പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുക. ഇതായിരുന്നു ആ ഉപദേശം. ഇതും ഇത്തരത്തിലൊരു സ്ഥാപനം ആരംഭിക്കുന്നതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തുന്നതായിരുന്നു. ഇതിനിടെ മഹാനവര്‍കളുടെ സ്ഥാനവും കഴിവും അംഗീകരിച്ചു ഹൈദരാബാദ് സര്‍ക്കാര്‍ ഡെപ്യൂട്ടി കലക്ടര്‍ സ്ഥാനം നല്‍കി. പക്ഷേ, മഹാനവര്‍കള്‍ ആ സ്ഥാനം നന്ദി പറഞ്ഞ് ഉപേക്ഷിച്ച് ബാഖിയാത്ത് ആരംഭിക്കുകയായിരുന്നു.
വെല്ലൂരിലെ തന്റെ വീട്ടിലാണ് മഹാനവര്‍കള്‍ ആദ്യമായി ദര്‍സ് തുടങ്ങിയത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി വിവിധ കെട്ടിടങ്ങളിലേക്ക് മാറുകയും ബാഖിയാത്തെന്ന പേരില്‍ വളര്‍ന്ന് പന്തലിക്കുകയും ചെയ്തു. കോളജിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും നിര്‍മാണങ്ങളിലുമെല്ലാം ബാനീ ഹസ്‌റത്തിന്റെ സൂക്ഷ്മമാര്‍ന്ന വിവിധ മുഖങ്ങള്‍ ചരിത്രത്തില്‍ കാണാന്‍ സാധിക്കും. ബാഖിയാത്ത് സ്വാലിഹാത്ത് ഇന്ന് 150-ാം വാര്‍ഷികം മഹനീയമായി ആഘോഷിക്കുകയാണ്. കേരളത്തില്‍ നിന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും ഞാനും കേരളീയരുടെ പ്രതിനിധികളായി പങ്കെടുക്കുകയാണ്. ബാനീ ഹസ്‌റത്ത് നയിച്ച സൂക്ഷ്മ ജീവിതമാണ് 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ബാഖിയാത്ത് സ്വാലിഹാത്ത് നമുക്ക് സന്ദേശമായി നല്‍കുന്നത്.

---- facebook comment plugin here -----

Latest