Connect with us

Alappuzha

കാഴ്ചയുള്ളവരുടെ കണ്ണ് തുറപ്പിക്കാന്‍ വിക്കിയില്‍ ഇനി കാഴ്ചയില്ലാത്തവരുടെ എഴുത്ത്

Published

|

Last Updated

ആലപ്പുഴ: അക്ഷരങ്ങളെ കേട്ടുമാത്രം പരിചയമുള്ള ഒരു കൂട്ടം ഭിന്നശേഷിയുള്ളവരുടെ കൂട്ടായ്മ കാഴ്ചയുള്ളവര്‍ക്കായി ലേഖനങ്ങളെഴുതിയത് കൗതുകമായി. ആലപ്പുഴയില്‍ നടക്കുന്ന വിക്കി സംഗമത്തിലാണ് കാഴ്ചയില്ലാത്തവര്‍ കാഴ്ചയുള്ളവര്‍ക്കായി ഇന്റര്‍നെറ്റിലെ സൗജന്യ വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിനഞ്ചോളം അന്ധരാണ് വിക്കിപഠന ശിബിരത്തില്‍ ലേഖനങ്ങളെഴുതാന്‍ എത്തിയിരുന്നത്. കണ്ണൂര്‍ അഴീക്കോട് സ്വദേശിയും കാസര്‍കോട് അന്ധവിദ്യാലയത്തിലെ യു പി സ്‌കൂള്‍ അധ്യാപകനുമായ സത്യന്‍, തിരുവനന്തപുരത്തു നിന്നുള്ള റിജോ, കണ്ണൂരിലെ താഹിര്‍, ഷൈജു, മലപ്പുറത്തു നിന്നുള്ള ഷറഫുദ്ദീന്‍, ജലീല്‍, വയനാട് ജില്ലയിലെ കൃഷ്ണന്‍, കായംകുളം അനില്‍ തുടങ്ങിയവര്‍ വിക്കി പഠന ശിബിരത്തില്‍ പങ്കെടുത്ത ചിലര്‍ മാത്രമാണ്.
കാഴ്ചയില്ലാത്തവര്‍ക്കും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയും വിവരങ്ങളും പ്രാപ്യമാകണമെന്ന നിര്‍ബന്ധ ബുദ്ധിയുള്ളതുകൊണ്ടായിരുന്നു ഇത്ര ദൂരം സഞ്ചരിച്ച് ഇവര്‍ വിക്കി സംഗമോത്സവത്തിനെത്തിയത്.
വിവിധ ഭാഷകള്‍ ശബ്ദിക്കുന്ന സോഫ്ട്‌വെയറുകളുടെ സഹായത്തോടെയായിരുന്നു പരിശീലനം.
അകക്കണ്ണിന്റെ വെളിച്ചത്തില്‍ കീ ബോര്‍ഡിലെ ഓരോ കീയിലും ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ ചേര്‍ക്കാന്‍ ശ്രമിക്കുന്നത് കാഴ്ചയുള്ളവര്‍ക്ക് പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു.

 

Latest