Connect with us

Kerala

പെയ്ഡ് ന്യൂസ്: രണ്ട് വര്‍ഷത്തെ തടവിന് ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളെ പെയ്ഡ് ന്യൂസ് കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നും ഇത് വലിയ കുറ്റകൃത്യമായി കണ്ട് രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്. പോളിംഗ് സ്റ്റേഷന്‍ തിരിച്ച് വോട്ടെണ്ണുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയതായി അദ്ദേഹം പറഞ്ഞു. നിയമനിര്‍മാണ സഭയുടെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സമ്പത്ത്.

തിരഞ്ഞെടുപ്പ് പ്രക്രിയ കുറ്റമറ്റതാക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ നിരവധി മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇവയില്‍ ചിലതിനോട് മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിട്ടുള്ളൂ. പെയ്ഡ് ന്യൂസ് അഥവാ വിലക്ക് വാങ്ങുന്ന വാര്‍ത്തകള്‍ എന്ന പുതിയ രീതി തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്നുണ്ട്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതോ അത്തരം വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതോ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഭരണകക്ഷികള്‍ സര്‍ക്കാര്‍ ചെലവില്‍ ഭരണനേട്ടങ്ങള്‍ വ്യക്തമാക്കുന്ന പരസ്യങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തണം. സര്‍ക്കാറിന്റെ കാലാവധി തീരുന്നതിന് ആറ് മാസം മുമ്പ് വരെ പരസ്യങ്ങള്‍ പ്രിദ്ധീകരിക്കാം. ആറ് മാസത്തിന് ശേഷം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് കര്‍ശനമായി നിരോധിക്കണം. അതേസമയം, ആരോഗ്യ, ദാരിദ്ര്യനിര്‍മാര്‍ജനം സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയേണ്ട കാര്യങ്ങളും പരസ്യങ്ങളും നിരോധത്തില്‍ നിന്ന് ഒഴിവാക്കാവുന്നതാണ്.
തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് മുന്നില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കണം. വോട്ടര്‍മാരെ സ്വാധീനിക്കുന്നതും വോട്ട് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നതും നിലവില്‍ അഞ്ഞൂറ് രൂപ പിഴ ലഭിക്കാകുന്ന കുറ്റം മാത്രമാണ്. ഇതിനുള്ള ശിക്ഷ വര്‍ധിപ്പിക്കണം. പോളിംഗ് സ്റ്റേഷന്‍ തിരിച്ചുള്ള വോട്ടെണ്ണല്‍ വഴി പലപ്പോഴും സ്വാധീനമുള്ള മേഖലകള്‍ തിരിച്ചറിയാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയും. ഇത് ജനാധിപത്യ പ്രക്രിയയെ ദോഷകരമായി ബാധിക്കും. ഇത് ഒഴിവാക്കാന്‍ പതിനാല് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഏകോപിപ്പിച്ചുള്ള യൂനിറ്റാക്കി വോട്ടെണ്ണിയാല്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം. അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തതായി കോടതി കണ്ടെത്തിയിട്ടുള്ള വ്യക്തികള്‍ക്കും കുറ്റവാളിയാണെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുള്ളവര്‍ക്കും വിലക്കേര്‍പ്പെടുത്തണം. കെട്ടിച്ചമച്ചതെന്ന് പറയപ്പെടുന്ന കേസുകള്‍, ആറ് മാസത്തിന് മുമ്പുള്ളവയാണെങ്കില്‍ അത് അയോഗ്യതക്ക് കാരണമായി പരിഗണിക്കണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

Latest