മണല്‍-ഖനന നിരോധനം പിന്‍വലിക്കണം

Posted on: December 21, 2013 8:09 am | Last updated: December 21, 2013 at 8:09 am

കണ്ണൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഹരിതട്രൈബ്യൂണല്‍ കേന്ദ്രസര്‍ക്കാരിനു സത്യവാങ്മൂലം നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കെ സുധാകരന്‍ എം പി സ്ഥാനം രാജിവെക്കണമെന്ന് സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനദ്രോഹ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ എം പി സ്ഥാനം രാജിവെക്കുമെന്ന് കെ സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ യാതൊരു മാറ്റവും വരുത്താതെയാണ് ഇത് നടപ്പാക്കാന്‍ ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മണല്‍-ഖനന നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കണ്‍സ്ട്രക്ഷന്‍ ഫെഡറേഷന്‍ (സി ഐ ടി യു) നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജയരാജന്‍. ഹരിതട്രൈബ്യൂണലിന്റെ തീരുമാനങ്ങള്‍ രാജ്യത്തിനുതന്നെ ഭീഷണിയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ പിന്നിലും ഹരിതട്രൈബ്യൂണലാണ്. സാമ്രാജ്യത ശക്തികളില്‍ നിന്നും പണം വാങ്ങിയാണ് പാരിസ്ഥിതിക മൗലികവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ജയരാജന്‍ പറഞ്ഞു. വാടി രവി, ടി പ്രസാദ്, എം കുഞ്ഞമ്പു, ടി ശശി, വൈ വൈ മത്തായി, കെ ബാലന്‍, എം വേലായുധന്‍ പ്രസംഗിച്ചു.