ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ ലീഡ്

Posted on: December 21, 2013 12:01 am | Last updated: December 21, 2013 at 12:01 am

indiaജോഹന്നസ്ബര്‍ഗ്: ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്നില്‍ വിജയസാധ്യത തെളിയുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ എട്ട് വിക്കറ്റ് കൈയ്യിലിരിക്കെ 320 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യയുടെ വരുതിയിലാണ് മത്സരം. ആറാം ടെസ്റ്റ് സെഞ്ച്വറിയോടെ ചേതേശ്വര്‍ പുജാര (135)യും തുടരെ രണ്ടാം സെഞ്ച്വറിക്കരികിലെത്തി നില്‍ക്കുന്ന വിരാട് കോഹ്‌ലി (77)യുമാണ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ (284/2) ക്രീസിലുള്ളത്.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ ഒന്നാമിന്നിംഗ്‌സ് 244ല്‍ അവസാനിപ്പിച്ച ഇന്ത്യ 36 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. തുടര്‍ന്ന് രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍ (15), മുരളി വിജയ് (39) എന്നിവരാണ് പുറത്തായത്. കരുതലോടെ നിലയുറപ്പിച്ച ചേതേശ്വര്‍ പുജാര 127 പന്തിലാണ് അര്‍ധശതകം പൂര്‍ത്തിയാക്കിയതെങ്കില്‍ രണ്ടാം അര്‍ധശതകം 21 പന്തില്‍ നേടി സെഞ്ച്വറിയിലെത്തി.
സെഞ്ച്വറിയിലേക്ക് പതിമൂന്ന് ബൗണ്ടറികളുടെ സഹായം തേടിയ പുജാര ആകെ പതിനെട്ട് ബൗണ്ടറികള്‍ നേടി. 132 പന്തില്‍ എട്ട് ഫോറുകളടങ്ങുന്നതാണ് കോഹ്‌ലിയുടെ 77. പുജാര ആക്രമണ മൂഡിലേക്ക് മാറിയതോടെ കോഹ്‌ലി ശാന്തനായി നിലയുറപ്പിച്ചു.
ശിഖര്‍ ധവാനെ പുറത്താക്കിക്കൊണ്ട് വെര്‍നോന്‍ ഫിലാന്‍ഡര്‍ അതിവേഗത്തില്‍ നൂറ് വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമായി. 19താം മത്സരത്തിലാണ് നേട്ടം. 20 ടെസ്റ്റില്‍ നൂറ് തികച്ച ഡെയില്‍ സ്റ്റെയിനിന്റെ റെക്കോര്‍ഡ് രണ്ടാമതായി.
നാല് വിക്കറ്റ് വീതം വീഴ്ത്തി സഹീര്‍ഖാനും ഇഷാന്ത് ശര്‍മയും ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് ചുരുട്ടി. ഷമിക്ക് രണ്ട് വിക്കറ്റ്. സാഹചര്യം മുതലെടുത്ത ഇഷാന്തിനെ ഹാഷിം അംല പ്രത്യേകം പ്രശംസിച്ചു.