Connect with us

Sports

മാഞ്ചസ്റ്റര്‍ സെമിയില്‍; ടോട്ടനം പുറത്ത്

Published

|

Last Updated

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ പിറകിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ്ബ് അനുകൂലികള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകിക്കൊണ്ട് ലീഗ് കപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. സ്റ്റോക് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ ക്ലബ്ബിന്റെ മുന്നേറ്റം. അതേസമയം, ആന്ദ്രെ വിലാസ് ബോസിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കിയിട്ടും ടോട്ടനം ഹോസ്പറിന്റെ ദുര്യോഗം മാറിയില്ല. താത്കാലിക കോച്ച് ടിം ഷെര്‍വുഡിന്റെ കീഴില്‍ കളിക്കാനിറങ്ങിയ ടോട്ടനം 1-2ന് വെസ്റ്റ്ഹാമിനോട് പരാജയപ്പെട്ടു, സെമി കാണാതെ മടങ്ങി. സണ്ടര്‍ലാന്‍ഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരാണ് സെമിയിലെത്തിയ മറ്റ് ടീമുകള്‍.
ആഷ്‌ലി യംഗും പാട്രിസ് എവ്‌റയും നേടിയ ഗോളുകളാണ് സ്റ്റോക് സിറ്റിയെ തകര്‍ത്തത്. വെയിന്‍ റൂണി അപ്രതീക്ഷിതമായി പരുക്കേറ്റ് പുറത്തായതോടെ കോച്ച് ഡേവിഡ് മോയസിന് തന്ത്രം മാറ്റേണ്ടി വന്നു. ഡാനി വെല്‍ബെക്കിനെ ഏക സ്‌ട്രൈക്കറാക്കിയ മോയസ് ക്രിസ് സ്മാളിംഗ്, ആന്‍ഡേഴ്‌സന്‍, യംഗ് എന്നിവരെ ആദ്യ ലൈനപ്പില്‍ കൊണ്ടു വന്നു.
തുടക്കം തന്നെ ആഷ്‌ലി യംഗിന്റെ ഗോള്‍ ശ്രമത്തോടെയായിരുന്നു. വെല്‍ബെക്ക് നല്‍കിയ സ്‌ക്വയര്‍ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച യംഗിന്റെ ഷോട്ട് വലകുലുക്കി ! പക്ഷേ, അത് പുറത്താണെന്ന് മാത്രം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആരാധകര്‍ ഗോളാരവം മുഴക്കിയെങ്കിലും നിരാശരാകുന്ന കാഴ്ച.
ആദ്യ പകുതിക്ക് തൊട്ട് മുമ്പ് തന്നെ ജോണി ഇവാന്‍സിലൂടെ ലീഡെടുക്കാന്‍ യുനൈറ്റഡിന് അവസരം. എന്നാല്‍, ക്രിസ് സ്മാളിംഗിന്റെ പാസ് സ്വീകരിക്കുന്നതില്‍ ഇവാന്‍സിന് പാളി. മെക്‌സിക്കന്‍ സ്‌ട്രൈക്കര്‍ ജാവിയര്‍ ഹെര്‍നാണ്ടസിനെ കളത്തിലിറക്കിയ മോയസിന്റെ നീക്കമാണ് ഗോളിന് വഴിതുറന്നത്. ഹെര്‍നാണ്ടസും യംഗും നടത്തിയ നീക്കം സ്റ്റോക് സിറ്റി ഗോളി തോമസ് സോറെന്‍സനെ കീഴടക്കി. എഴുപത്തെട്ടാം മിനുട്ടില്‍ എവ്‌റക്കൊപ്പം യംഗ് നടത്തിയ നീക്കം രണ്ടാം ഗോളായി. പതിവില്ലാത്ത വിധം എവ്‌റ വലതുകാല്‍ കൊണ്ട് തൊടുത്ത ഷോട്ട് ഗോളിയെ കബളിപ്പിച്ചു.
ആന്ദ്രെ വിലാസ് ബോസിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം ടോട്ടനം ഹോസ്പര്‍ ആദ്യ മത്സരം കളിക്കുകയായിരുന്നു. എന്നാല്‍, ടീമിന്റെ മാച് ഡേ പ്രോഗ്രാമില്‍ ഹെഡ് കോച്ച് എന്ന് രേഖപ്പെടുത്തിയത് ആന്ദ്രെ വിലാസ് ബോസിനെയായത് മറ്റുള്ളവര്‍ക്ക് തമാശക്കുള്ള അബദ്ധമായി. താത്കാലിക കോച്ച് ടിം ഷെര്‍വുഡ് സാഹസികത കാണിച്ച് ഇമ്മാനുവല്‍ അഡബയോറിന് സീസണിലാദ്യമായി സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം നല്‍കി. ജെര്‍മെന്‍ ഡെഫോക്കൊപ്പം അഡയബയോര്‍ ചേര്‍ന്നപ്പോള്‍ ഗുണം ചെയ്തു. അറുപത്തേഴാം മിനുട്ടില്‍ ടോട്ടനം ലീഡെടുത്തു. ഡെഫോ ഇടത് വിംഗില്‍ നിന്ന് നല്‍കിയ ക്രോസ് അഡബയോര്‍ തകര്‍പ്പന്‍ വോളിയിലൂടെ വലയിലെത്തിച്ചു.
എണ്‍പതാം മിനുട്ടില്‍ ആന്‍ഡ്രോസ് ടോണ്‍സെന്‍ഡ് പരുക്കുമായി കളം വിട്ടതിന് പിന്നാലെ ടോട്ടനം ഗോള്‍ വഴങ്ങി (1-1). മാറ്റ് ടെയ്‌ലറിന്റെ പാകില്‍ മാറ്റ് ജാര്‍വിസിന്റെ ഗോള്‍. അഞ്ച് മിനുട്ടിനുള്ളില്‍ മോഡിബോ മെയ്ഗയുടെ വിജയഗോള്‍. മുഹമ്മദ് ഡിയാമെയുടെ ക്രോസില്‍ ഹെഡറിലൂടെയാണ് മെയ്ഗ ടോട്ടനമിനെ ഞെട്ടിച്ചത്. അവസാന മിനുട്ടില്‍ മെയ്ഗയുടെ ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തായത് ടോട്ടനമിന്റെ പരാജയഭാരം കുറച്ചു.

Latest