ഡല്‍ഹിയില്‍ നഴ്‌സറി പ്രവേശത്തിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

Posted on: December 20, 2013 12:30 am | Last updated: December 20, 2013 at 12:47 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നഴ്‌സറി സ്‌കൂളുകളില്‍ പ്രവേശത്തിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ, ഇതു സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. സാമൂഹിക നീതിന്യായ പ്രവര്‍ത്തകന്‍ നേരത്തെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് ഡല്‍ഹി ഹൈക്കോടതി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ഉത്തരവിട്ടിരുന്നത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പ്രവേശനം നല്‍കുക എന്ന സംവിധാനം ഇനിമുതല്‍ ഉണ്ടാകില്ല. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി 25 ശതമാനം സീറ്റ് സംവരണം ചെയ്യണം. അഞ്ച് ശതമാനം സീറ്റ് സ്‌കൂളിലെ സ്റ്റാഫുകളുടെ മക്കള്‍ക്ക് വേണ്ടി അനുവദിക്കണം. നിലവില്‍ കുട്ടികളുടെ പ്രവേശത്തിന് അടിസ്ഥാനമാക്കുന്ന പോയിന്റ് നിലയും പുതിയ നിര്‍ദേശത്തില്‍ പുനര്‍ നിര്‍വചിച്ചിട്ടുണ്ട്.
അതേസമയം, മാനേജ്‌മെന്റ് ക്വോട്ട ഒഴിവാക്കിയതുള്‍പ്പെടെ ഗവര്‍ണര്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ സ്‌കൂള്‍ അധികൃതര്‍ അസംപ്തൃരാണ്. അധികൃതരുമായി ചര്‍ച്ച നടത്താനിരിക്കുകയാണ് അവര്‍. പുതിയ മാര്‍ഗനിര്‍ദേശങ്ങളെ രക്ഷിതാക്കള്‍ സ്വാഗതം ചെയ്തു.