Connect with us

Kozhikode

വിദ്യാര്‍ഥി സംഘടനകള്‍ നിലപാടു മാറ്റത്തിന് തയ്യാറാകണം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: ക്യാമ്പസുകളിലെ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ മുഖവിലക്കെടുത്ത് നിലപാടു മാറ്റത്തിന് വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറാകണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം.
ക്യാമ്പസുകളെ കുരുതിക്കളമാക്കുന്നതിനെതിരെയാണ് കോടതി വിമര്‍ശമുന്നയിച്ചിരിക്കുന്നത്. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ സംഘടനാ പ്രവര്‍ത്തനം സാധ്യമാണെന്നിരിക്കെ വീണ്ടുവിചാരമില്ലാതെ സമരങ്ങളിലേക്കും അക്രമങ്ങളിലേക്കും എടുത്തു ചാടുന്ന പ്രവണത തിരുത്തപ്പെടണം. അക്രമങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയും ക്യാമ്പസുകളില്‍ അരാഷ്ട്രീയ ചിന്ത ശക്തിപ്പെടുത്തുകയും ചെയ്യും.
ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി സമരങ്ങളാകാമെങ്കിലും അത് അക്രമങ്ങളിലേക്ക് നീങ്ങുന്നതിനെ പിന്തുണക്കാനാകില്ല. വിദ്യാര്‍ഥികളുടെ പ്രാഥമിക ചുമതല പഠനമാണ്. അതിന് വേണ്ടിയാണ് രക്ഷിതാക്കള്‍ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കയക്കുന്നത്. ഉത്തരവാദിത്വം വിസ്മരിച്ച് സമരങ്ങള്‍ക്കു പിറകെ സഞ്ചരിക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവി നശിപ്പിക്കും. അതുവഴി നഷ്ടപ്പെടുന്നത് വിദ്യാര്‍ഥികളില്‍ സമൂഹത്തിനും രാഷ്ട്രത്തിനുമുള്ള പ്രതീക്ഷകളാണ്. ഉത്തമ പൗരന്‍മാരെ നിര്‍മിച്ചെടുക്കുന്ന പ്രക്രിയയാണ് ക്യാമ്പസുകളില്‍ നടക്കേണ്ടത്.
പഠനം മുടക്കിയും സഹപാഠികളെയും അധ്യാപകരെയും ദേഹോപദ്രവം ഏല്‍പ്പിച്ചും സംഘടിപ്പിക്കപ്പെടുന്ന സമരാഭാസങ്ങള്‍ കേരളത്തെ വിദ്യാഭ്യാസപരമായി പിന്നോട്ടടിപ്പിക്കാനേ ഉപകരിക്കൂ. ഇത് തിരിച്ചറിഞ്ഞ് നിലപാടുകളില്‍ മാറ്റം വരുത്താന്‍ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കഴിയണമെന്നും കോടതി നിരീക്ഷണം ഗുണപരമായ മാറ്റത്തിന് നിമിത്തമാകണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest