Connect with us

Wayanad

സംസ്ഥാന പൈതൃകോത്സവം: ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

Published

|

Last Updated

പനമരം: പട്ടികജാതി-പട്ടികവര്‍ഗ വികസനവകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും യുവജനക്ഷേമബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ 21 മുതല്‍ 29 വരെ നടക്കുന്ന സംസ്ഥാന പൈതൃകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. പൈതൃകോത്സവത്തിന്റെ ഭാഗമായി നൂറോളം സ്റ്റാളുകളാണ് തയ്യാറാവുന്നത്.
80 സ്റ്റാളുകളില്‍ ആദിവാസി ഗോത്രവിഭാഗങ്ങള്‍ നിര്‍മിക്കുന്ന വിവിധ വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടക്കും. ആദിവാസി വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന നിത്യോപയോഗ വസ്തുകള്‍, കരകൗശലവസ്തുക്കള്‍, പണിയായുധങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം പൈതൃകോത്സവത്തിന്റെ പ്രത്യേകതയാണ്. 10 സ്റ്റാളുകളില്‍ വംശീയവൈദ്യന്മാരുടെ സേവനം സദാസമയവും ലഭ്യമാകും. കേരളത്തിലെ പ്രശസ്തരായ പത്ത് വംശീയവൈദ്യന്മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കും. അട്ടപ്പാടി, കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിന്നുള്ള വംശീയവൈദ്യന്മാര്‍ പ്രമേഹം, രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ക്ക് മരുന്നുകള്‍ നല്‍കും. ഇതിന് പുറമെ വിവിധ മാറാരോഗങ്ങള്‍ക്കുള്ള ചികിത്സാവിധികളും വംശീയവൈദ്യന്മാരുടെ സ്റ്റാളുകളില്‍ ലഭ്യമാകും. വിവിധതരം എണ്ണകളും വേദനക്കും മറ്റുമുള്ള കുഴമ്പുകളും ഇതേ സ്റ്റാളുകളില്‍ നിന്ന് ലഭിക്കും. ആദിവാസി വൈദ്യന്മാരുടെ പ്രശസ്തമായ മരുന്ന് “ആവിക്കുളി” യും മൂന്ന് സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്.
പൈതൃകോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഒരുക്കിയിരിക്കുന്നത് ഇടുക്കിജില്ലയില്‍ മാത്രമൊതുങ്ങുന്ന മുതുവാന്‍ സമുദായത്തില്‍പ്പെട്ടവരുടെ പാര്‍പ്പിടരീതിയിലാണ്. മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ അധിവസിക്കുന്ന ഈ വിഭാഗക്കാര്‍ സമുദ്രനിരപ്പില്‍ നിന്നും 1400 അടി ഉയരത്തില്‍ താമസിക്കുന്നവരാണ്. ഉള്‍വനങ്ങളില്‍ താമസിക്കുന്ന ഇവരുടെ ഭവനങ്ങള്‍ മണ്ണ് തേച്ചുണ്ടാക്കുന്നതാണ്.
കാറ്റില്‍ നിന്നും മഴയില്‍ നിന്നും രക്ഷനേടുന്നതിനായി വീടിന് മുന്‍ഭാഗത്തായി പുല്ല് കൊണ്ടോ മുള കൊണ്ടോ ഉയരത്തില്‍ കെട്ടിയുണ്ടാക്കുന്ന രക്ഷാകവചം കൗതുകമുയര്‍ത്തുന്നതാണെന്ന് കിര്‍ത്താഡ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പ്രദീപ്കുമാര്‍ പറഞ്ഞു. പൈതൃകോത്സവത്തിന്റെ മറ്റൊരു പ്രത്യക വംശീയഭക്ഷ്യവിഭവങ്ങളുടെ ലഭ്യതയാണ്. വംശീയ ഭക്ഷ്യ വിഭവങ്ങള്‍ നിര്‍മിച്ച് വില്‍പ്പന നടത്തുന്നതിനായി നാല് സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ആദിവാസിവിഭാഗങ്ങളുടെ ഭക്ഷണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഈ സ്റ്റാളുകളില്‍ നിന്നും ലഭിക്കും.
3000 പേര്‍ക്ക് പരിപാടികള്‍ കാണാനാവും വിധം സജ്ജമാക്കുന്ന പ്രധാന ഓഡിറ്റോറിയത്തിന്റെ പ്രവര്‍ത്തിയും അന്തിമഘട്ടത്തിലാണ്.

Latest