Connect with us

Kasargod

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ എന്‍ എല്‍ യു പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

കാസര്‍കോട്: വിലക്കയറ്റം തടയുക, ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ, പാചകവാതകം തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കുക, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തുക. തൊഴിലും, കൂലിയും സംരക്ഷിക്കുക, മിനിമം കൂലി പതിനായിരം രൂപയായി നിജപ്പെടുത്തുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക, പൊതു മേഖലയെ സംരക്ഷിക്കുക, വിലക്കയറ്റം തടയുന്നതിന് നടപടി കൈ കൊള്ളുകയും ഊഹകച്ചവടവും, കരിഞ്ചന്തയും, പൂഴ്ത്തിവെപ്പും തടയുകയും ചെയ്യുക. പി എഫ് പെന്‍ഷന്‍ സമ്പ്രദായം പൊളിച്ചെഴുതുക തുല്ല്യ സാമുഹിക നീതിയും നിയമസംരക്ഷണവും ഉറപ്പ് വരുത്തുക. വര്‍ഗീയകലാപം തടയുന്നതിന് നിയമം കൊണ്ട് വരിക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുകൊണ്ട് നാഷണല്‍ ലേബര്‍ യൂണിയന്‍ (എന്‍ എല്‍ യു) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജ്യ വ്യാപകമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കാന്‍ കാസര്‍കോട് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
യൂണിയന്‍ പ്രവര്‍ത്തനം ശക്തിപെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിക്കും. 14 ജില്ലാ കേന്ദ്രങ്ങളിലും കണ്‍വെന്‍ഷനുകള്‍ നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
യോഗത്തില്‍ എന്‍ എല്‍ യു സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍ .കെ അബ്ദുല്‍അസീസ് യോഗം ഉദ്ഘാടനം ചെയ്തു. എന്‍ എല്‍ യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഹംസകോയ, സംസ്ഥാന സെക്രട്ടറിമാരായ ജയരാജ് മുടോട്, എം ടി ഇബ്‌റാഹിം വയനാട്, ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, എന്‍ .എല്‍ യു ജില്ലാ പ്രസിഡന്റ് സി എം എ ജലീല്‍, ഐ എന്‍ എല്‍ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തോരവളപ്പ്, എന്‍ എല്‍ യു ജില്ലാ സെക്രട്ടറി ഹനീഫ് കടപ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ എല്‍ യു സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം സുബൈര്‍ പടുപ്പ് സ്വാഗതവും സംസ്ഥാന ട്രഷറര്‍ ജലീല്‍ എറണാകുളം നന്ദിയും പറഞ്ഞു.

 

Latest