Connect with us

Gulf

ടൂറിസ്റ്റ് വിസ: ഖത്തര്‍ എയര്‍വേയ്‌സിന് ഓണ്‍ലൈന്‍ സംവിധാനം

Published

|

Last Updated

ദോഹ: ഖത്തറില്‍ ടൂറിസ്റ്റ് വിസയില്‍ പ്രവേശിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നു.ഖത്തര്‍ എയര്‍വേയ്‌സിന്റെ കീഴിലാണ് പ്രസ്തുത സംവിധാനം പ്രവര്‍ത്തിച്ചു തുടങ്ങുകയെന്ന് അധികൃതര്‍ അറിയിച്ചു.
സംവിധാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.യോഗ്യരായ ആളുകള്‍ക്ക് ടൂറിസ്റ്റ് വിസയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്നു എയര്‍വേയ്‌സ് വക്താവ് പറഞ്ഞു.അതനുസരിച്ച് വിസ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനും മറ്റും സൗകര്യമുണ്ടാകും.
ഇത്തരത്തില്‍ ഇഷ്യൂ ചെയ്യുന്ന ഏകജാലക ടൂറിസ്റ്റ് വിസകളുടെ കാലാവധി ഒരു മാസത്തേക്ക് മാത്രമായിരിക്കും.വിസ ഇഷ്യൂ ചെയ്തു അറുപതു ദിവസത്തിനകം ഉപയോഗിച്ചിരിക്കണം.വിസാ അംഗീകാരവും കാലാവധിയും യാതൊരു കാരണവശാലും നീട്ടി നല്‍കില്ല.ഇങ്ങനെ വിസക്ക് അപേക്ഷിക്കുന്നതിനു ലളിതമായ നടപടിക്രമങ്ങളാണ് ഉള്ളത്.അപേക്ഷ സമര്‍പ്പിച്ചു പത്തു ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകും.ഒരാള്‍ക്ക് 55 യു എസ് ഡോളര്‍ ആണ് ഈ സംവിധാനം ഉപയോഗിച്ച് വിസക്ക് അപേക്ഷിക്കുന്നതിന് ചെലവ് വരിക.അടിയന്തിര രീതിയില്‍ അപേക്ഷ നല്‍കുന്നതാണെങ്കില്‍ ഏഴു ദിവസം മതിയാകും നടപടികള്‍ പൂര്‍ത്തിയാകാന്‍.ചിലവ് 120 യു എസ് ഡോളര്‍ ആയി വര്‍ധിക്കുമെന്ന് മാത്രം.ഈ രീതിയില്‍ നല്‍കുന്ന വിസാ ഫീസ് ഒരിക്കലും തിരികെ ലഭിക്കുന്നതല്ല.ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കണമെങ്കില്‍ ഖത്തര്‍ എയര്‍ വേയ്‌സിന്റെ ഹോളിഡെ ഡിവിഷനായ ഡിസ്‌കവര്‍ ഖത്തര്‍ മുഖേന ഹോട്ടല്‍ ബുക്ക് ചെയ്യുകയും ഖത്തര്‍ എയര്‍ വേയ്‌സ് മുഖേന ഖത്തറിലേക്കും തിരികെ പുറത്തേക്കുമുള്ള ടിക്കറ്റ്‌ലഭ്യമാക്കുകയും ചെയ്തിരിക്കണം.
ടൂറിസം ആവശ്യങ്ങള്‍ക്ക് മാത്രമായി മുപ്പതു ദിവസത്തേക്ക് മാത്രം പരിമിതപ്പെടുത്തിയ പാക്കേജ് ആണ് ഇത് വഴി ഖത്തര്‍ എയര്‍ വേയ്‌സ് നടപ്പിലാക്കുന്നത്.

---- facebook comment plugin here -----

Latest