ബ്രദര്‍ഹുഡ് ബന്ധം: 21ന് വിധി പ്രഖ്യാപിക്കും

Posted on: December 18, 2013 7:10 pm | Last updated: December 18, 2013 at 7:10 pm

അബുദാബി: മുസ്‌ലിം ബ്രദര്‍ഹുഡുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ഗൂഡാലോചന നടത്തിയ കേസില്‍ രാജ്യത്തെ പരമോന്നത കോടതി 21ന് വിധി പ്രഖ്യാപിക്കും. ഇന്നലെ നടന്ന അഞ്ചാമത് സിറ്റിംഗിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കായി ഹാജരാവുന്ന അഭിഭാഷകരോട് ഒരാഴ്ച മുമ്പ് വാദം എഴുതി നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇന്നലത്തെ വാദത്തിനിടയിലും പ്രതികളെ നിരുപാധികം വിട്ടയക്കാന്‍ കോടതിയില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
കേസില്‍ കുറ്റാരോപിതരായ 24 പേരില്‍ 15 പേര്‍ ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. പ്രതിഭാഗത്ത് നിന്നു രണ്ട് അഭിഭാഷകരായിരുന്നു വാദത്തിന് എത്തിയത്. 13 മാധ്യമ പ്രവര്‍ത്തകരും സാമൂഹിക സംഘടനയായ എമിറേറ്റ്‌സ് ഹ്യൂമണ്‍ റൈറ്റ്‌സ് അസോസിയേഷന്റെ രണ്ട് പ്രതിനിധികള്‍ക്കൊപ്പം എമിറേറ്റ്‌സ് ജ്യൂറിസ്്റ്റ്്‌സ് ലോയേഴ്‌സ് അസോസിയേഷന്‍, എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ എന്നിവയുടെ ഓരോ പ്രതിനിധികളും കോടതിയില്‍ സന്നിഹിതരായിരുന്നു. കുറ്റാരോപിതരുടെ ബന്ധുക്കളായ ആറു പേരും ഈജിപ്ഷ്യന്‍ എംബസിയുടെ പ്രതിനിധികളും കോടതയിലുണ്ടായിരുന്നു. നാലു സാമൂഹിക സംഘടനാ പ്രതിനിധികളും വാദം കേള്‍ക്കാന്‍ എത്തിയിരുന്നു.