‘കാമസൂത്ര’ക്ക് ഓസ്‌കാര്‍ നോമിനേഷന്‍

Posted on: December 18, 2013 7:00 pm | Last updated: December 18, 2013 at 7:08 pm

ദുബൈ: യു എ ഇ മലയാളി കൂട്ടായ്മയില്‍ ഹോളിവുഡിലും ബോളിവുഡിലുമായി ചിത്രീകരിച്ച ത്രീ ഡി ചിത്രമായ കാമസൂത്രക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചതായി ചിത്രത്തിന്റെ കോ പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറുമായ സോഹന്‍ റോയിയും എക്‌സു. പ്രൊഡ്യൂസര്‍ ഡോ. ജോര്‍ജ് ജോണും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഗോള തലത്തില്‍ 75 പാട്ടുകള്‍ക്കാണ് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ അഞ്ചു പാട്ടുകള്‍ കാമസൂത്രയില്‍ നിന്നുമാണ്. മലയാളിയും പ്രശസ്ത സ്‌പോട്‌സ് ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജോര്‍ജ് ജോണിന്റെ നേതൃത്വത്തിലുള്ള ജി ജെ എന്റെര്‍ടെയിന്‍മെന്റ്‌സ് യു എ ഇയുടെ ബാനറിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ രൂപേഷ് പോളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
ദല്‍ഹി ഭരിച്ച ലോദി രാജവംശത്തിന്റെ കാലത്തെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ വികസിക്കുന്നത്. ഹിന്ദിയില്‍ 110 മിനുട്ടും ഇംഗ്ലീഷില്‍ 140 മിനുട്ടും ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളതെന്നും ഇവ രണ്ടും വെവ്വേറെയാണ് ചിത്രീകരിച്ചതെന്നും സോഹന്‍ റോയ് വെളിപ്പെടുത്തി. 35 ലക്ഷം യു എസ് ഡോളറാണ് ചിത്രത്തിനായി ചെലവഴിച്ചത്. ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയ ഡാം 999 സോഹന്‍ റോയിയുടെ നേതൃത്വത്തിലായിരുന്നു അണിയിച്ചൊരുക്കിയത്. തൂത്തുകുടി കേന്ദ്രമാക്കി രണ്ടു കപ്പലുകളിലായാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള കാമസൂത്ര ചിത്രീകരിച്ചിരിക്കുന്നത്. യു എ ഇയില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ സച്ചിനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.