ഹജ്ജ്-ഉംറ ഗ്രൂപ്പ് നിയമത്തില്‍ സമഗ്ര പരിഷ്‌കരണം

Posted on: December 18, 2013 7:06 pm | Last updated: December 18, 2013 at 7:06 pm

അബുദാബി: രാജ്യത്ത് ഹജ്ജ്-ഉംറ ഗ്രൂപ്പ് നിയമത്തില്‍ സമഗ്ര പരിഷ്‌കരണം. യു എ ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബ്ന്‍ റാശിദ് അല്‍മക്തൂമാണ് ഇത് പ്രഖ്യാപിച്ചത്.
ഹജ്ജ്-ഉംറ തീര്‍ഥാടകര്‍ക്കിടയില്‍ മതോപദേശം നല്‍കുന്നവരും മതപഠന ക്ലാസ് എടുക്കുന്നവരും മതവിധി നല്‍കുന്നവരും മതകാരൃവകുപ്പിന്റെ അംഗീകാരം നേടിയവരായിരിക്കണം. മതകാര്യ വകുപ്പ് അനുവദിക്കാത്ത ലഘുലേഖകളോ കൈപ്പുസ്തകങ്ങളോ തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ പാടില്ല. നിയമം മറികടന്നു രാജ്യത്തിനകത്തോ പുറത്തോ പ്രവൃത്തിച്ചാല്‍ ഹജ്-ഉംറ ഗ്രൂപ്പ് ഉടമകളായിരിക്കും നിയമനടപടികള്‍ നേരിടേണ്ടി വരിക. ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുന്ന കുറ്റമായിരിക്കും നിയമലംഘനങ്ങളെന്ന് 2013ലെ 30-ാം നമ്പര്‍ നിയമം വ്യക്തമാക്കുന്നു.
ഒരു ഗ്രൂപ്പിലെ തീര്‍ഥാടകരെ അംഗീകാരമുള്ള മറ്റു ഗ്രൂപ്പുകളിലേക്കു മാറ്റുന്നതിനു നിയമതടസ്സമില്ല. എന്നാല്‍ ഇതിനു അധികൃതരില്‍ നിന്ന് രേഖാമൂലം അനുമതി വാങ്ങിയിരിക്കണം. മാധൃമങ്ങള്‍ വഴി സൗദിയിലും യുഎഇലും ഗ്രൂപ്പുകളുടെ പരസ്യം നല്‍കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിയമങ്ങള്‍ പ്രഖ്യാപിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ നിലവിലുള്ള ഹജ് -ഉംറ ഗ്രൂപ്പുകള്‍ നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഹജിനു തീര്‍ഥാടകരെ കൊണ്ടുപോകാന്‍ സന്നദ്ധമാകുന്ന ഓരോ ഗ്രൂപ്പുകളും 10 ലക്ഷം ദിര്‍ഹം സുരക്ഷാ തുകയായി കെട്ടിവയ്ക്കണമെന്നും പുതിയ നിയമം നിര്‍ദേശിക്കുന്നു. അനുമതിയില്ലാതെ ഹജ് -ഉംറ ഗ്രൂപ്പ് സേവനത്തിനു ശ്രമിക്കുന്നവര്‍ക്കു കനത്ത പിഴ വിധിക്കുന്ന വിധത്തിലാണു പരിഷ്‌കരിച്ച നിയമം.
തീര്‍ഥാടന സീസണില്‍ അധികൃതരുടെ അനുമതിയില്ലാതെ ഗ്രൂപ്പ് ഉടമ സഊദി അറേബ്യ വിടാന്‍ പാടില്ല. സഊദി കാര്യാലയങ്ങള്‍ നല്‍കിയ ഹജ് കാര്‍ഡുകള്‍ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാന്‍ പാടില്ല. തീര്‍ഥാടകരുടെ ആരോഗ്യം, ആരാധനാ സ്ഥലങ്ങളിലെ താമസം, കര, നാവിക, വ്യോമ മാര്‍ഗമുള്ള യാത്രാ സംവിധാനങ്ങള്‍ എന്നിവ കരാര്‍ പ്രകാരം കമ്പനികളില്‍ ക്രമീകരിക്കണം.
65 വയസിനു മുകളിലുള്ളവരുടെ അപേക്ഷ സ്വീകരിക്കുകയില്ല. നല്ലനടപ്പു പത്രം കൈപറ്റിയവരും സെക്കന്‍ഡറി വിദ്യാഭ്യാസമുള്ളവരുമായിരിക്കണം അപേക്ഷകര്‍. ഈ നിയമം നിലവില്‍ വരുന്നതിനു മുമ്പ് ഈ രംഗത്തുള്ളവരെ പുതിയ വ്യവസ്ഥകളില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ലൈസന്‍സിനുള്ള വ്യവസ്ഥകള്‍ സ്വദേശിയും 25 വയസ് തികഞ്ഞ ആളുമായിരിക്കണം ഹജ്ജ്-ഉംറ ഗ്രൂപ്പുകളുടെ ലൈസന്‍സിനു അപേക്ഷിക്കേണ്ടത്.