Connect with us

Kozhikode

ടി പി വധം: ഇന്നോവയുടെ പെയിന്റ് ഇളക്കിയെടുത്തതെന്ന് പ്രതിഭാഗം

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതിയില്‍ ഹാജരാക്കിയ ഇന്നോവ കാറിന്റെ പെയിന്റ് ഇളകിയടര്‍ന്ന ഭാഗം പ്രോസിക്യൂഷന്‍ കൃത്രിമമായി എടുത്തതാണെന്ന് പ്രതിഭാഗം. എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ നടന്ന അന്തിമവാദത്തിലാണ് പ്രതിഭാഗം അഭിഭാഷകനായ അഡ്വ. എം അശോകന്‍ ഇങ്ങനെ വാദിച്ചത്. നാലും അഞ്ചും പ്രതികളായ ടി കെ രജീഷ്, കെ കെ മുഹമ്മദ് ഷാഫി എന്നിവര്‍ക്കുവേണ്ടിയായിരുന്നു അദ്ദേഹം ഹാജരായത്.
ടി പിയെ വധിക്കുന്നതിന് മുമ്പ് പ്രതികളുടെ കാര്‍ ചന്ദ്രശേഖരന്റെ ബൈക്കില്‍ ഇടിപ്പിച്ചതിന് തെളിവായാണ് പെയിന്റ് ഇളകിയ ഭാഗം നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ ടി പിക്ക് വെട്ടേറ്റ 2012 മെയ് നാലിന് രാത്രി സംഭവ സ്ഥലം സന്ദര്‍ശിച്ച ഡി വൈ എസ് പി ജോസി ചെറിയാനോ 142-ാം സാക്ഷി ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥ കെ കെ രമ്യയോ ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഇന്നോവ കാറിന്റെ പെയിന്റ് ഇളകിയടര്‍ന്ന് വീണതിന്റെ അവശിഷ്ടങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. ബൈക്കില്‍ കാറിടിപ്പിച്ച് വീഴ്ത്തിയാണ് അക്രമിച്ചതെന്ന് തെളിയിക്കാനായി പിന്നീട് പെയിന്റ് പാളി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. മെയ് അഞ്ചിന് തയ്യാറാക്കിയ മഹസറില്‍ ഇത് എഴുതിച്ചേര്‍ക്കുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചു.
2012 മെയ് നാലിന് രാത്രി ചന്ദ്രശേഖരനെ വധിക്കാനായി വന്ന പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറേയും ഇടത് ഭാഗത്ത് മുന്‍സീറ്റില്‍ ഇരുന്ന കഷണ്ടിയുള്ള ആളെയും തിരിച്ചറിഞ്ഞുവെന്ന സാക്ഷിമൊഴിയും വിശ്വാസ്യയോഗ്യമല്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിലെ നാലാം പ്രതി ടി കെ രജീഷിന്റെ തിരിച്ചറിയല്‍ പരേഡിലും കൃത്രിമത്വം നടന്നതായി ഇവര്‍ ചൂണ്ടിക്കാട്ടി. ടി പിയെ വധിക്കാനായി കൊലയാളി സംഘം ഇന്നോവ കാറില്‍ സഞ്ചരിച്ചുവെന്ന് തെളിയിക്കുന്നതിനായിട്ടാണ് കാര്‍ വാടകക്കെടുത്തതുമായി ബന്ധപ്പെട്ട രേഖകള്‍ ഉണ്ടാക്കിയത്. കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബേങ്കില്‍ നിന്നെടുത്ത ചെക്ക്, വാടക കാരാറെഴുതാനുള്ള മുദ്രപത്രം എന്നിവ പ്രത്യേകം തെളിവുകളായി സൃഷ്ടിച്ചതാണ്. കാര്‍ വാടകക്കെടുത്തത് 2012 ഏപ്രില്‍ 24നെന്നും പിന്നീട് ഇതു തിരുത്തി 25 എന്നാക്കി മാറ്റുകയുമായിരുന്നു. ഇതില്‍ തന്നെ കൃത്രിമത്വം വ്യക്തമാണ്. തീയതി മാറ്റിയതുമായി ബന്ധപ്പെട്ട് ബേങ്ക് രജിസ്റ്ററില്‍ വന്ന പാകപ്പിഴവ് ക്ലറിക്കല്‍ തകരാറാണെന്നാണ് മാനേജര്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. 25-ാം പ്രതി സി കെ രജികാന്തിന്റെ പേരിലാണ് ചെക്ക് എടുത്തിട്ടുള്ളത്. എന്നാല്‍ ഇയാള്‍ക്കായി നല്‍കിയ ചെക്ക് സംബന്ധിച്ച് ബേങ്കിലെ രജിസ്റ്റര്‍, ചെക്ക് അനുവദിച്ച തീയതി എന്നിവ ഒഴികെ മറ്റൊരു തെളിവും അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടാതിരുന്നതും ദുരൂഹതയുണ്ടാക്കുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.