പന്തലിന് കാല്‍നാട്ടി; ജില്ലാ സ്‌കൂള്‍മേളക്ക് ഒരുക്കം തുടങ്ങി

Posted on: December 17, 2013 12:19 pm | Last updated: December 17, 2013 at 12:19 pm

വേങ്ങര: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വേങ്ങരയില്‍ ഒരുക്കമായി. മേളയുടെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു നിര്‍വഹിച്ചു.
ജനുവരി നാല് മുതല്‍ ഒമ്പത് വരെ വേങ്ങര ബോയ്‌സ് ഹൈസ്‌കൂളിലാണ് ജില്ലാ കലോത്സവം നടക്കുന്നത്.
ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ട്, കുണ്ടുപുഴക്കല്‍ ഗ്രൗണ്ട്, കുറ്റാളൂര്‍ ജി എല്‍ പി സ്‌കൂള്‍, അല്‍ ഇഹ്‌സാന്‍ ക്യാമ്പസ്, വേങ്ങര വ്യാപാര ഭവന്‍ തുടങ്ങിയ സ്ഥലങ്ങളിലായി 17 വേദികളാണ് ഒരുക്കുന്നത്. മത്സരാര്‍ഥികളുടെ താമസ സൗകര്യത്തിനായി വേങ്ങരക്കു പറമെ കോട്ടക്കലിലെ സ്‌കൂളുകളിലും സൗകര്യമൊരുക്കുന്നുണ്ട്. നാലായിരത്തിലധികം മത്സരാര്‍ഥികളാണ് മേളയില്‍ പങ്കെടുക്കുന്നത്. പ്രധാന വേദിയായ ബോയ്‌സ് ഹൈസ്‌കൂളിന് സമീപം റോഡിന്റെ ഒരു വശം മുഴുവന്‍ പോലീസ് പിടിച്ചെടുത്ത അനധികൃത വാഹനങ്ങളാണ് ഇവ മാറ്റി സൗകര്യമൊരുക്കാന്‍ പോലീസ് ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
വേങ്ങരയില്‍ ഇതാദ്യമാണ് ജില്ലാ സ്‌കൂള്‍ മേളക്ക് വേദിയാവുന്നത്.
മേള വര്‍ണാഭമാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് നാട്ടുകാരും സന്നദ്ധ പ്രവര്‍ത്തകരും.