Connect with us

Kannur

കനത്ത സുരക്ഷയില്‍ കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടി തുടങ്ങി

Published

|

Last Updated

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കണ്ണൂരില്‍ തുടക്കമായി. കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉപരോധസമരത്തിന് പുറമെ മാവോയിസ്റ്റ് ഭീഷണിയും പരിപാടിക്കുണ്ട്. ഇതിനാല്‍ തന്നെ സംസ്ഥാനം ഇതുവരെ കാണാത്ത തരത്തില്‍ പഴുതടച്ച സുരക്ഷയാണ് പരിപാടി നടക്കുന്ന ജവഹര്‍ സ്റ്റേഡയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 3000ലേറെ പോലീസുകാര്‍, കമാന്റോകള്‍, തണ്ടര്‍ബോള്‍ട്ട്, ദ്രുതകര്‍മസേന എന്നിവരാണ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്.

അതേസമയം എല്‍ ഡി എഫിന്റെ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞു. കണ്ണൂര്‍ ട്രാഫിക്ക് സ്‌റ്റേഷനുസമീപമാണ് മാര്‍ച്ച് തടഞ്ഞത്. പ്രവര്‍ത്തകര്‍ ഇവിടെ കുത്തിയിരുന്നു പ്രതിഷേധം നടത്തുകയാണ്.

ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി കണ്ണൂരില്‍ എത്തിയത്. ജനസമ്പര്‍ക്ക പരിപാടി നടക്കുന്ന വേദിക്കരികില്‍ തന്നെയാണ് മുഖ്യമന്ത്രി താമസിച്ചിരുന്നത്. റോഡു വഴി മുഖ്യമന്ത്രിയെ വേദിയിലേക്ക് കൊണ്ടു പോവുന്നത് ഒഴിവാക്കാനാണ് ഇത്. കണ്ണൂരില്‍ ഒക്ടോബറില്‍ പോലീസ് കായികമേളക്കെത്തിയ മുഖ്യമന്ത്രിക്ക് കല്ലേറില്‍ പരുക്കേറ്റിരുന്നു. ഇടതുപ്രതിഷേധത്തിനിടെയായിരുന്നു കല്ലേറുണ്ടായത്.

പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുള്ളവരെ മാത്രമാണ് അകത്ത് പ്രവേശിപ്പിക്കുക. 6,000 അപേക്ഷകളാണ് പരിപാടിയിലേക്ക് ലഭിച്ചിട്ടുള്ളതെങ്കിലും 2,986 പേര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയെ നേരിട്ട് പ്രശ്‌നപരിഹാരത്തിനായി സമീപിക്കാനാവുക. കണ്ണൂരിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയെ നേരിട്ട് കാണുന്നവരുടെ എണ്ണം കുറച്ചതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

രാവിലെ എട്ട് മണി മുതല്‍ രാത്രി വരെ നീളുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി ഇന്നലെ മുതല്‍ പോലീസിന്റെ നിയന്ത്രണത്തിലാണ് കണ്ണൂര്‍ നഗരം. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തിലാണ് പോലീസ് പെരുമാറേണ്ടതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇന്ന് അക്ഷരാര്‍ഥത്തില്‍ നഗരജീവിതം സ്തംഭിക്കുക തന്നെ ചെയ്യും. കണ്ണൂരിന് പുറമെ കോഴിക്കോട്, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള 3,500 ഓളം പോലീസുകാരാണ് ഇന്നലെ മുതല്‍ നഗരത്തിലെത്തിയിട്ടുള്ളത്. 30 ഡി വൈ എസ് പിമാര്‍, 45 സി ഐമാര്‍ എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘത്തിന് ഇന്നലെ എ ഡി ജി പി. ശങ്കര്‍റെഡ്ഢി പുരോഹിതിന്റെ നേതൃത്വത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. കണ്ണൂര്‍ റേഞ്ച് ഐ ജി. സുരേഷ് രാജ് പുരോഹിതിനാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. ഏത് പ്രതിസന്ധിയും നേരിടാന്‍ പോലീസുകാര്‍ തയ്യാറാകണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. സമരക്കാരെ തടയുന്ന സ്ഥലങ്ങളില്‍ ജലപീരങ്കിയുള്‍പ്പെടെയുള്ളവ സജ്ജീകരിക്കാനും മുഴുവന്‍ കേന്ദ്രങ്ങളിലും ശക്തമായ നിരീക്ഷണം നടത്താനും പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പോകുന്നതും വരുന്നതുമായ വഴികള്‍ മുഴുവന്‍ പോലീസിന്റെ മാത്രം നിയന്ത്രണത്തിലാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.