97 പൊതി ബ്രൗണ്‍ഷുഗറുമായി മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: December 17, 2013 12:30 am | Last updated: December 17, 2013 at 12:30 am

വടകര: മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 97 പൊതി ബ്രൗണ്‍ഷുഗറുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരു ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിളും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി തിക്കോടി പടിഞ്ഞാറെ കുന്നുമ്മല്‍ സുനീര്‍ (29), പയ്യോളി പടിഞ്ഞാറെ മുപ്പിച്ചതില്‍ ആഷിര്‍ (29), തിക്കോടി പാലൂര്‍ പുതിയവളപ്പില്‍ സിറാജ് (32) എന്നിവരെയാണ് വടകര എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ സി ശരത്ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടരക്ക് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് 45 പൊതി (ഒമ്പത് ഗ്രാം) ബ്രൗണ്‍ഷുഗറുമായാണ് സുനീറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പഴയ ബസ് സ്റ്റാന്‍ഡിന് തെക്ക് വശത്തുള്ള കംഫര്‍ട്ട് സ്റ്റേഷന് സമീപം വെച്ച് 11 മണിയോടെ 20 പൊതി (3.200 ഗ്രാം) ബ്രൗണ്‍ഷുഗറുമായി ആഷിറിനെയും ഉച്ചക്ക് രണ്ടേ കാലോടെ പുതുപ്പണം ബ്രദേഴ്‌സ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് 32 പൊതി (4.100 ഗ്രാം) ബ്രൗണ്‍ഷുഗറുമായി സിറാജും അറസ്റ്റിലായി. വില്‍പ്പനക്കായി ഇയാള്‍ ഉപയോഗിച്ച മോട്ടോര്‍ ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികള്‍ വടകര ടൗണ്‍, പയ്യോളി, തിക്കോടി ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍, മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളികള്‍, പച്ചക്കറി മാര്‍ക്കറ്റ് എന്നിവര്‍ക്ക് ബ്രൗണ്‍ഷുഗര്‍ എത്തിച്ചുകൊടുക്കുന്നവരാണ് ഇവരെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. മുംബൈ, മാംഗ്മുത എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ബ്രൗണ്‍ഷുഗര്‍ എത്തിക്കുന്നത്. ബ്രൗണ്‍ സുനീര്‍ എന്ന സുനീറിനെ വടകര എന്‍ ഡി പി എസ് കോടതിയും ആഷിര്‍, സിറാജ് എന്നിവരെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസര്‍മാരായ ഇ ടി ഷിജു, കെ സുരേന്ദ്രന്‍, ഉനൈസ്, കെ വിജയന്‍, കെ സി കുഞ്ഞമ്മദ്, എന്‍ അജയകുമാര്‍, കെ പി സായീദാസ് നേതൃത്വം നല്‍കി.