Connect with us

Kottayam

എല്‍ ഡി എഫ് ഉപരോധത്തിനെതിരെ പ്രതികരിച്ച വീട്ടമ്മക്ക് എം എം മണിയുടെ അധിക്ഷേപം

Published

|

Last Updated

തൊടുപുഴ: എല്‍ ഡി എഫിന്റെ ക്ലിഫ് ഹൗസ് ഉപരോധത്തിനെതിരെ പ്രതികരിച്ച തിരുവനന്തപുരത്തെ വീട്ടമ്മക്ക് സി പി എം ജില്ലാ സെക്രട്ടറി എം എം മണിയുടെ അധിക്ഷേപം. “സന്ധ്യക്ക് എന്തോ സൂക്കേടുണ്ടെ”ന്ന് മണി പറഞ്ഞു. പീരുമേട് എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ചീന്തലാര്‍ കാറ്റാടിക്കവലയില്‍ സി ഐ ടി യു നേതാവ് കെ ടി വിനു നടത്തുന്ന നിരാഹാര സമരം ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്യവേയായിരുന്നു മണിയുടെ അധിക്ഷേപം.
തിരുവനന്തപുരത്ത് വഴിതടഞ്ഞത് എല്‍ ഡി എഫ് നേതാക്കളല്ല. പോലീസാണ്. എന്നിട്ട് പോലീസിനെതിരെ പ്രതികരിക്കുന്നതിന് പകരം എല്‍ ഡി എഫ് നേതാക്കളുടെ മേക്കിട്ടു കേറാനാണ് ആ സ്്ത്രീ ശ്രമിച്ചത്. അവര്‍ കോണ്‍ഗ്രസുകാരിയാണ്. വീട്ടമ്മയുടെ നാടകം കണ്ടപ്പോള്‍ ചിറ്റിലപ്പളളിക്ക് അവരോട് പ്രേമം. അയാള്‍ അവര്‍ക്ക് അഞ്ചു ലക്ഷം രൂപ കൊടുത്തു. അതിനെക്കുറിച്ച് ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ? മണി ചോദിച്ചു.
മാധ്യമങ്ങളെയും മണി വെറുതെ വിട്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ ചെയ്യുന്നത് മാമാപ്പണിയാണ്. അത് എന്റെ മുന്നിലിരിക്കുന്നവരുടെ കുറ്റമല്ല. അവരുടെ മുകളില്‍ നിന്നും പറയുന്നത് കേള്‍ക്കുന്നുവെന്ന് മാത്രം. പാര്‍ട്ടിയെ ചട്ടം പഠിപ്പിക്കാനാണ് ചിലരുടെ നോട്ടം. പാര്‍ട്ടിയെ നല്ല വഴിക്ക് നയിക്കാന്‍ ജനറല്‍ സെക്രട്ടറി നടത്തുന്ന ശ്രമങ്ങളെപ്പോലും തെറ്റായി കാണാനാണ് ചിലരുടെ നോട്ടം.
തൊഴിലാളികളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ചീന്തലാര്‍ ടീ കമ്പനിയില്‍ ചിലര്‍ നടത്തുന്നതെന്നും എം എം മണി പറഞ്ഞു. പ്ലാന്റേഷന്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ലോകത്ത് കേട്ടുകേള്‍വി പോലുമില്ലാത്ത കരാര്‍ നടപ്പാക്കാനാണ് പീരുമേട് ടി കമ്പനി ഉടമ ആഗ്രഹിക്കുന്നത്. ഇത് തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് മണി പറഞ്ഞു.

Latest