ഗവണ്‍മെന്റ് സമ്മിറ്റ് ഫെബ്രുവരി 10ന്

Posted on: December 16, 2013 9:03 pm | Last updated: December 16, 2013 at 9:03 pm

ദുബൈ: സെക്കന്റ് ഗവണ്‍മെന്റ് സമ്മിറ്റിന് അടുത്ത വര്‍ഷം ഫെബ്രുവരി 10ന് തുടക്കമാവും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തിലാണ് 12 വരെ നീളുന്ന സമ്മിറ്റ് നടക്കുകയെന്ന് കാബിനറ്റ് കാര്യ മന്ത്രിയും സമ്മിറ്റിന്റെ സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗെര്‍ഗാവി വ്യക്തമാക്കി. സര്‍ക്കാര്‍ സര്‍വീസുകളുടെ ഭാവിയെക്കുറിച്ചും ഉപഭോക്താവിന് പരമാവധി സന്തോഷവും സംതൃപ്തിയും ലഭ്യമാക്കുകയുമാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയില്‍ നിന്നും വ്യതിരക്തമായ അറിവുകള്‍ സാംശീകരിക്കാനും മൂന്നു ദിവസത്തെ സമ്മിറ്റ് ലക്ഷ്യമിടുന്നു. പയനീയറിംഗ് ഇന്‍ ഗവണ്‍മെന്റ് സര്‍വീസസ് എന്നതാണ് ഈ വര്‍ഷത്തെ ടൈറ്റില്‍. ശൈഖ് മുഹമ്മദിന്റെ നിര്‍ദ്ദേശങ്ങളെ ആധാരമാക്കിയാണ് ഇതിനുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുക. ഒന്നാമത്തെ സമ്മിറ്റില്‍ പുതിയ മനോഭാവം രൂപപ്പെടുത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗുണനിലവാരം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് ക്രിയേറ്റിവിറ്റി ലാബുകള്‍ സ്ഥാപിക്കണമെന്ന് ശൈഖ് മുഹമ്മദ് നിര്‍ദ്ദേശിച്ചിരുന്നു. കുറ്റമറ്റ രീതിയിലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ ഉറപ്പാക്കാനും സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് ഈ നിര്‍ദ്ദേശം.