ഒക്‌ടോബര്‍ 26 ഇനി ഒമാനി യുവജനദിനം

Posted on: December 16, 2013 2:48 pm | Last updated: December 16, 2013 at 2:48 pm

മസ്‌കത്ത്: ഇനി മുതല്‍ എല്ലാ വര്‍ഷവും ഒക്‌ടോബര്‍ 26 ഒമാനി യുവജനദിനമായി ആചരിക്കും. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ രാജകീയ ആശീര്‍വാദത്തോടെയാണ് തീരുമാനം. രാജ്യത്തെ യുവാക്കളുടെ സമഗ്രമായ പുരോഗതിയും വികസനവും ലക്ഷ്യം വെച്ചുള്ള സുല്‍ത്താന്റെ കാഴ്ചപ്പാടാണ് ഒമാനി യൂത്ത് ഡേ ആചരണത്തിലൂടെ പ്രകാശിതമാകുന്നത്. വ്യത്യസ്ത മേഖലകളില്‍ മികവു പുലര്‍ത്തുന്ന യുവാക്കള്‍ക്ക് അംഗീകാരം നല്‍കുന്നതുള്‍പെടെയുള്ള സംരംഭങ്ങള്‍ സംഘടിപ്പിക്കും. നാഷണല്‍ യൂത്ത് കമ്മീഷനാണ് നേതൃത്വം നല്‍കുക.
രാജ്യത്ത് യുവജനങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ഹമദ് ബിന്‍ ഹമൂദ് അല്‍ ഗഫാരി പറഞ്ഞു. രാജ്യത്തെ ചെറുപ്പത്തിന്റെ ഉണര്‍വിന് ഇതു കാരണമാകും. ഒരു ദിനം യുവാക്കള്‍ക്കായി സമര്‍പ്പിച്ചു കൊണ്ടുള്ള രാജകീയ തീരുമാനം എല്ലാ യുവജന കൂട്ടായ്മകള്‍ക്കും തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഉന്മേഷം പകരും. പദ്ദതികള്‍ ഏറ്റെടുക്കുന്നതിനും ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും ഇത് ആവേശം സൃഷഷ്ടിക്കും. യുവാക്കളുടെ ഊര്‍ജം നിര്‍മാണ രംഗത്തേക്ക് വിനിയോഗിക്കുന്നതിനും ക്രിയ്മാത്മകമായി ഉപയോഗിക്കുന്നതിനും ദിനാചരണത്തിന്റെ ഭാഗമായി എല്ലാവരും തയാറാകണമെന്നും കഴിവുള്ള ചെറുപ്പക്കാരെ അംഗീകരിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ചെറുപ്പക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും അഭിരുചികള്‍ പരിശോധിക്കുന്നതിനും രാജ്യത്ത് നിരവധി സര്‍വേകള്‍ നടന്നിരുന്നു. യുവാക്കള്‍ക്കിടയില്‍ സാങ്കേതിക, തൊഴില്‍ മികവുകള്‍ വികസിപ്പിക്കുകയും കൂടുതല്‍ പേരെ തൊഴില്‍ മേഖലയില്‍ പ്രാപ്തരാക്കുകയും വേണ്ടതുണ്ടെന്ന് കണ്ടെത്തി. ഇത്തരം ആവശ്യങ്ങള്‍ കമ്മീഷന്‍ സര്‍ക്കാറിനു മുന്നില്‍ അവതരിപ്പിച്ചതിന്റെ ഫലമായാണ് യുവജനദിന പ്രഖ്യാപനം വന്നത്. കമ്മീഷന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപാകമായി യുവാക്കളുടെ വികസനത്തിനായി വിവിധ പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു വരുന്നുണ്ട്. അടുത്ത വര്‍ഷം ഒക്‌ടോബറില്‍ നടക്കുന്ന പ്രഥമ യുവജനദിനം കമ്മീഷന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായി സംഘടിപ്പിക്കും.