തെലങ്കാന ബില്‍ അവതരിപ്പിക്കാനാകാതെ ആന്ധ്ര നിയമസഭ

Posted on: December 16, 2013 8:34 am | Last updated: December 16, 2013 at 8:34 am

telanganaഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപവത്കരണ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ ആന്ധ്രപ്രദേശ് നിയമസഭ. തെലങ്കാന, സീമാന്ധ്ര എം എല്‍ എമാര്‍ നടത്തിയ ബഹളങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസവും സഭ മാറ്റിവെച്ചതോടെയാണ് ബില്‍ അവതരിപ്പിക്കാനാകാതെയായത്. ഇന്ന് വീണ്ടും ബില്‍ മേശപ്പുറത്ത് വെക്കുമെന്നാണ് കരുതുന്നത്.
ഇതിന് ശേഷം ബിസിനസ് ഉപദേശക കമ്മിറ്റിയുടെ യോഗവും സ്പീക്കര്‍ സംഘടിപ്പിക്കാന്‍ സാധ്യതയുണ്ട്. തെലങ്കാന സംസ്ഥാന രൂപവത്കരണ ബില്‍ സഭയില്‍ എത്രയും വേഗം മേശപ്പുറത്ത് വെക്കണമെന്ന് തെലങ്കാനയില്‍ നിന്നുള്ള എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സീമാന്ധ്രയില്‍ നിന്നുള്ള എം എല്‍ എമാര്‍ ഇതിനെതിരെ ശക്തമായി രംഗത്തെത്തുകയും അടുത്ത ജനുവരി 23 വരെ സഭ കൂടാനുള്ള സമയം പ്രസിഡന്റ് അനുവദിച്ചത് പ്രകാരം ഇത് ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തെലങ്കാന രൂപവത്കരണ ചര്‍ച്ച മാത്രമല്ല, ഇതു സംബന്ധിച്ച വോട്ടെടുപ്പിനും സീമാന്ധ്ര എം എല്‍ എമാര്‍ ശ്രമം നടത്തുന്നുണ്ട്. ചര്‍ച്ച നടത്തുന്നതിന് മുമ്പ് ബില്ലിലെ നിര്‍ദേശങ്ങള്‍ ഇംഗ്ലീഷില്‍ നിന്ന് തെലുഗുവിലേക്കോ ഉര്‍ദുവിലേക്കോ ഭാഷാന്തരം ചെയ്യണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് അവര്‍. ഇതിന് ധാരാളം സമയം വേണ്ടതിനാല്‍ ഇപ്പോഴത്തെ സമ്മേളനത്തില്‍ ചര്‍ച്ച നടക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ബില്‍ അവതരണം വൈകിപ്പിക്കുന്നതില്‍ തെലങ്കാന എം എല്‍ എമാര്‍ അസന്തുഷ്ടരാണ്. പ്രസിഡന്‍ഷ്യല്‍ റഫറന്‍സില്‍ വോട്ടെടുപ്പിന് വകുപ്പില്ലെന്നും അവര്‍ വാദിക്കുന്നു. ഇരു പക്ഷത്തു നിന്നും ശക്തമായ ആവശ്യം മുന്നോട്ടുവെച്ചിരിക്കെ, ഇന്ന് നടക്കാനിരിക്കുന്ന സഭയിലും ബഹളത്തിന് സാധ്യതയേറെയാണ്.