‘മോദി’വേദിയില്‍ ജോര്‍ജ്; വിവാദം പടരുന്നു

Posted on: December 16, 2013 6:00 am | Last updated: December 16, 2013 at 1:16 am

pc george1കോട്ടയം/ തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് വിവാദത്തില്‍. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കൂടിയായ മോദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിനായി സംഘടിപ്പിച്ച കൂട്ടയോട്ടമാണ് കോട്ടയത്ത് പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തത്. പരിപാടിയില്‍ മോദിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ജോര്‍ജ് ഉയര്‍ത്തിക്കാട്ടി. ബി ജെ പി സംസ്ഥാന നേതാക്കള്‍ക്കൊപ്പം കാവി ഷാള്‍ പുതച്ചാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ സര്‍ക്കാറിന്റെ കാബിനറ്റ് പദവി വഹിക്കുന്ന ഒരാള്‍ ബി ജെ പിയുടെ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തത് കോണ്‍ഗ്രസിലും യു ഡി എഫിലും വന്‍ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തുവന്നു. അതേസമയം, തനിക്ക് വീഴ്ചയൊന്നും പറ്റിയിട്ടില്ലെന്നും ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായുള്ള സംഘടനയുടെ പരിപാടിയിലാണ് പങ്കെടുത്തതെന്നുമാണ് ജോര്‍ജിന്റെ വിശദീകരണം. ജോര്‍ജിന്റെ നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കെ എം മാണി പ്രതികരിച്ചു. പട്ടേലിന്റെ പ്രതിമാ നിര്‍മാണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി ആഹ്വാനം ചെയ്തതായിരുന്നു രാജ്യവ്യാപകമായുള്ള കൂട്ടയോട്ടം. ബി ജെ പിയുടെ നേതൃത്വത്തിലാണ് എല്ലായിടത്തും പരിപാടികള്‍ നടന്നത്. കോട്ടയത്തെ പരിപാടിയുടെ സംഘാടകര്‍ അവിടുത്തെ ബി ജെ പി ജില്ലാ കമ്മിറ്റിയായിരുന്നു.
അതേസമയം, ജോര്‍ജിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും നടപടി വേണമെന്നും കെ പി സി സി ജനറല്‍ സെക്രട്ടറി പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസും യു ഡി എഫും ഇക്കാര്യം ഗൗരവത്തില്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മോദി നടത്തുന്ന പരിപാടി ഉദ്ഘാടനം ചെയ്തത് ലജ്ജാകരമാണെന്ന് പി സി വിഷ്ണുനാഥ് എം എല്‍ എ പറഞ്ഞു. ഇക്കാര്യത്തില്‍ എന്തുവേണമെന്ന് മുതിര്‍ന്ന നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയാണ് വേണ്ടിയിരുന്നതെന്നും ജോര്‍ജിന്റെ ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പേടിപ്പിക്കേണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജിന് വിവരമില്ലെന്നുമായിരുന്നു ജോര്‍ജിന്റെ മറുപടി. ജോര്‍ജിന് പിന്തുണയുമായി ബി ജെ പി രംഗത്തുവന്നു. കൂട്ടയോട്ടത്തിന് ജോര്‍ജിനെ ക്ഷണിച്ചത് താനാണെന്ന് ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പി സി ജോര്‍ജിനെ വിമര്‍ശിക്കുന്നവര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണെന്ന് ബി ജെ പി വക്താവ് മീനാക്ഷി ലേഖിയും അഭിപ്രായപ്പെട്ടു. വിമര്‍ശങ്ങള്‍ വല്ലഭ്ഭായ് പട്ടേലിനോടുള്ള കോണ്‍ഗ്രസ് സമീപനത്തിന്റെ തെളിവാണ്. ജോര്‍ജിനെ പോലുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത് മോദിയുടെ ജനപിന്തുണ വര്‍ധിച്ചു വരുന്നതിന്റെ തെളിവാണെന്നും അവര്‍ അവകാശപ്പെട്ടു.

ഒരു തെറ്റുമില്ല: ജോര്‍ജ്‌

തൃശൂര്‍: ബി ജെ പി കോട്ടയത്ത സംഘടിപ്പിച്ച കൂട്ടയോട്ട ചടങ്ങ് ഉദ്ഘാടനം ചെയ്തത് തെറ്റായി കാണുന്നില്ലെന്ന് പി സി ജോര്‍ജ്. സര്‍ദാര്‍ വല്ലഭ്ഭായ് ഏകതാ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചതെന്നും ഇതിന്റെ ചെയര്‍മാന്‍ ജസ്റ്റിസ് കെ ടി തോമസ് ആണെന്നും ജോര്‍ജ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തത് തെറ്റായി കാണുന്നില്ല. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഉരുക്ക് മനുഷ്യനാണ്. പട്ടേലിന് വേണ്ടി തീവ്രവാദികള്‍ നടത്തുന്ന പരിപാടിയാണെങ്കിലും താന്‍ അതില്‍ പങ്കെടുക്കും. കൂട്ടയോട്ടത്തില്‍ പങ്കെടുത്തവര്‍ മോദിയുടെ ചിത്രമുള്ള ടീഷര്‍ട്ട് അല്ല ധരിച്ചിരുന്നത്. എന്നാല്‍, മോദിയുടെ ചിത്രമുള്ള ടീഷര്‍ട്ട് ഒരു കുട്ടി കൊണ്ടുവന്നു തന്നതില്‍ ഓട്ടോഗ്രാഫ് നല്‍കി ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തതെന്നും ജോര്‍ജ് പറഞ്ഞു.