Connect with us

Palakkad

പൗരനല്ലെന്നു പറഞ്ഞ് വിവരാവകാശ അപേക്ഷ നിഷേധിച്ച നടപടിയില്‍ വിശദീകരണം തേടി

Published

|

Last Updated

വടക്കഞ്ചേരി: പൗരന്‍ എന്ന നിര്‍വ്വചനത്തില്‍ പെടില്ലെന്നു പറഞ്ഞ് വിവരാവകാശ അപേക്ഷയില്‍ വിവരം നിഷേധിച്ച നടപടിയില്‍ ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ വിശദീകരണം തേടി.
കടമ്പിടി ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനായ എം മുജീബ് റഹ്മാന്‍ ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് അടിയന്തരമായി വിശദീകരണം നല്‍കാന്‍ പാലക്കാട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷീര സംഘം ജീവനക്കാരനായ മുജീബ് 2009ല്‍ നിയമന അംഗീകാരത്തിനും, തസ്തിക അംഗീകാരത്തിനും ക്ഷീരവികസന വകുപ്പില്‍ സമര്‍പ്പിച്ച അപേക്ഷയുടെയും അതിലെടുത്ത തീരുമാനത്തിന്റെയും രേഖകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷ നല്‍കിയിരുന്നു. അതില്‍ പ്രകാരം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷയില്‍ പറയുന്ന മേല്‍വിലാസം ഇന്ത്യന്‍ പൗരന്‍ എന്ന നിര്‍വ്വചനത്തില്‍ വരില്ലെന്ന കാണിച്ച് ആവശ്യപ്പെട്ട വിവരങ്ങള്‍ തരാന്‍ നിര്‍വാഹമില്ലെന്ന് രേഖമൂലം അറിയിച്ചു.
ഇതേ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ അസിസ്റ്റന്റ് ഡയറക്ടര്‍ പി മോഹനനെതിരെ പൗരത്വം ചോദ്യം ചെയ്ത അവഹേളിച്ചതിലും, വിവരാവകാശ നിയമത്തെ തെറ്റായി ദുരുപയോഗം ചെയ്തതിലും മുജീബ് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് ഇത്തരത്തില്‍ തെറ്റായ മറുപടി നല്‍കിയതിന് അടിയന്തരമായി വിശദീകരണം നല്‍കാന്‍ പാലക്കാട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ അപ്പീല്‍ അധികാരി എന്ന നിലയില്‍ വിവരാവകാശ അപേക്ഷയുടെ പരാതി തീര്‍പ്പാക്കി അപേക്ഷകന് മറുപടി നല്‍കണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതേ പരാതി സംബന്ധിച്ച് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലും നടപടി തുടങ്ങിയിട്ടുണ്ട്.