സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍: ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏജീസിനെതിരെ പോലീസ്

Posted on: December 15, 2013 6:59 am | Last updated: December 15, 2013 at 6:59 am

മീനങ്ങാടി: സംസ്ഥാന ക്ലബ്ബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഇന്ന്. രാത്രി ഏഴിന് നിലവിലെ ചാമ്പ്യന്‍ തിരുവനന്തപുരം ഏജീസും കേരള പോലീസും തമ്മിലാണ് പോരാട്ടം.
ടൈബ്രേക്കറിലേക്ക് നീണ്ട പ്രീ ക്വാര്‍ട്ടറില്‍ നാലിനെതിരെ അഞ്ച് ഗോളിന് യുനൈറ്റ്ഡ് എഫ് സി വയനാടിനെ വീഴ്ത്തിയാണ് ഏജീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയത്. കോഴിക്കോട് ക്വാര്‍ട്‌സ് സോക്കറിനെ ഒന്നിനെതിരെ രണ്ട് ഗോളിനു മറികടന്നായിരുന്നു പോലീസിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശം. മല്ലന്മ•ാരുടെ അങ്കത്തിനു കാത്തിരിക്കയാണ് ശ്രീകണ്ഠഗൗഡര്‍ സ്റ്റേഡിയവും ഫുട്ബാള്‍ പ്രേമികളും.
കേരള ഫുട്ബാളിലെ പ്രതിഭകളടങ്ങുന്നതാണ് ഇരുടീമുകളും. അനീഷ് ഫെര്‍ണാണ്ടസാണ് ഏജീസ് നായകന്‍. ആര്‍ കണ്ണന്‍, അബ്ദുല്‍ ബസന്ത്, മിഥുന്‍ വില്‍വെറ്റ്, കെ വി ഷാമില്‍, മണിപ്പൂരുകാരായ ഗോള്‍മെ അക്കാമി, ഒബെദ് കാമി, ഗ്രിന്റോ കെ ആന്റോ, നെല്‍റ്റോ സെബാസ്റ്റ്യന്‍, എ.സാജന്‍, വിനോദ്കുമാര്‍, ബി അജിത്കുമാര്‍ എന്നിങ്ങനെ നീളുന്നതാണ് എജീസിന്റെ താരനിര. സന്തോഷ്‌ട്രോഫി താരങ്ങളാണ് കണ്ണനും ബസന്തും. ടി വി ഗോപാലകൃഷ്ണനാണ് ചീഫ് കോച്ച്. തിരുവനന്തപുരം ടൈറ്റാനിയത്തില്‍നിന്നാണ് ഇദ്ദേഹം ഏജീസിലെത്തിയത്.
നവംബര്‍ രണ്ടാം വാരം ഹൈദരാബാദില്‍ നടന്ന അഖിലേന്ത്യാ പോലീസ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെയെല്ലാം മൂക്കുകുത്തിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കേരള പോലീസ് സംസ്ഥാന ക്ലബ്ബ് ഫുട്ബാളില്‍ മാറ്റുരയ്ക്കാനെത്തിയത്. ക്ലബ്ബ് ഫുട്ബാളിന്റെ കഴിഞ്ഞ പതിപ്പില്‍ നാലാം സ്ഥാനക്കാരായിരുന്നു പോലീസ്. സന്തോഷ്‌ട്രോഫി താരം പി രാഹുലാണ് പോലീസ് ടീമിന്റെ നായകന്‍. ഇന്റര്‍നാഷണല്‍ താരം ഐ എം വിജയന്‍, സന്തോഷ്‌ട്രോഫി താരം സി നസറുദ്ദീന്‍, ടി ജിംഷാദ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പോലീസിന്റെ ആക്രമണ നിര. പി പി നിഷാദാണ് ഗോള്‍ കീപ്പര്‍. ജിപ്‌സണ്‍ ജസ്റ്റസ്, കെ പി അനീഷ്, ജിമ്മി ജോര്‍ജ് എന്നിവരാണ് മധ്യനിരയിലെ പ്രമുഖര്‍. സന്തോഷ് ട്രോഫി താരം മുഹമ്മദ് മര്‍സൂക്ക്, ടിന്‍സന്‍ ജസ്റ്റിന്‍, അജിത്ത് ഫെര്‍മന്‍, എസ് സ്വാബിര്‍ എന്നിവരാണ് പ്രതിരോധച്ചുമതലക്കാരില്‍ പ്രധാനികള്‍.
തിരുവനന്തപുരം സ്വദേശി എം എഫ് സേവ്യറാണ് പോലീസിന്റെ മുഖ്യപരിശീലകന്‍. എട്ടു വര്‍ഷം പോലീസിന്റെ ആക്രമണനിരയില്‍ കളിച്ചിട്ടുള്ള ഇദ്ദേഹം 1996 മുതല്‍ 2001ല്‍ കേരള പോലീസ് ടീം പിരിച്ചുവിടുന്നതുവരെ പരിശീലകനായിരുന്നു. 2010ല്‍ പുനഃസംഘടിപ്പിച്ച ടീമിന്റെ മൂഖ്യപരിശീലകനായി എട്ടുമാസം മുന്‍പാണ് സേവ്യര്‍ ചുമതലയേറ്റത്. സി.ഷിന്‍ജിത്താണ് സഹപരിശീലകന്‍.
ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയാഴ്ച രാത്രി നടന്ന പ്രീ ക്വാര്‍ട്ടറില്‍ വാശിയേറിയ മത്സരത്തില്‍ കേരള പോലീസ് ഒന്നിനെതിരെ രണ്ട് ഗോളിന് കോഴിക്കോട് ക്വാര്‍ട്‌സ് സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
കളിയുടെ മുപ്പത്തിനാലാം മിനിറ്റില്‍ പോലീസിന്റെ ജിംഷാദാണ് ആദ്യഗോള്‍ നേടിയത്. ജിപ്‌സണ്‍ നല്‍കിയ ക്രോസിന് ജിമ്മി തലവെച്ചപ്പോള്‍ ഉയര്‍ന്ന പന്ത് ഫുള്‍ വോളി ഷോട്ടിലൂടെ ജിംഷാദ് വലയിലെത്തിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ ആദ്യമിനിറ്റില്‍ ഉജ്വല മുന്നേറ്റത്തിലൂടെ ക്വാര്‍ട്‌സിന്റെ അരുണ്‍ ഗോള്‍ മടക്കി.
ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നു കുതിച്ച അരുണ്‍ പോലീസിന്റെ പ്രതിരോധനിരയെയും ഗോളിയെയും ‘ഡ്രിബിള്‍’ ചെയ്താണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ ഏഴുപതാം മിനിറ്റില്‍ ജിംഷാദിനു പകരക്കാരനായി പോലീസിന്റെ ഇന്റര്‍നാഷണല്‍ താരം ഐ എം വിജയന്‍ ഇറങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ജിപ്‌സന്റെ ക്രോസ് ഗ്രൗണ്ട് ഷോട്ടിലുടെ വലയിലേക്ക് പായിച്ച വിജയന്‍ പോലീസിനെ മുന്നിലെത്തിച്ചു. ഒരു ഗോളിനു പിന്നിലായ ക്വാര്‍ട്‌സ് വീറോടെ പൊരുതിയെങ്കിലും പോലീസിന്റെ വിജയത്തിനു തടയിടാനായില്ല.