Connect with us

National

ഡല്‍ഹിയിലെ അസ്ഥിരത തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും: ചിദംബരം

Published

|

Last Updated

മുംബൈ: ഡല്‍ഹിയില്‍ ഇപ്പോഴുള്ള ഭരണ അസ്ഥിരത തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷവും ഉടലെടുക്കുകയെന്ന് ധനമന്ത്രി പി ചിദംബരം. പൊതുതിരഞ്ഞെടുപ്പ് സുഭദ്ര സര്‍ക്കാറിനെ പ്രദാനം ചെയ്യുമെന്ന് തനിക്ക് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ 20 ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ ഉദയം പ്രധാന ഘടകമാകുമെന്ന് പ്രധാന പാര്‍ട്ടികളെല്ലാം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ദൗര്‍ബല്യങ്ങളെ തരണം ചെയ്യാനുള്ള വഴിത്തിരിവാകും അത്. നമുക്ക് കാത്തിരിക്കാം. നിര്‍ണായക ദശാസന്ധിയിലൂടെയാണ് ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നത്. 60 വര്‍ഷത്തെ ഏറ്റവും ദുര്‍ബലമായ ജനാധിപത്യമാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
സ്ഥാപനങ്ങളുടെ ആധിക്യം കാരണം ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നു. പാര്‍ലിമെന്റ് ഏകദേശം മുഴുവനായും തടസ്സപ്പെടുന്നു. നീതിന്യായ പരിഹാരമാണ് ഇനിയുള്ളതെന്ന തെറ്റിദ്ധരിക്കപ്പെട്ട കാല്‍പ്പനികമായ കാഴ്ചപ്പാടുണ്ട്. സര്‍ക്കാറിന്റെ മൂന്ന് ശാഖകളും ഒന്നിക്കേണ്ടതുണ്ട്. ചരിത്രത്തിലെ ഈ ദൗര്‍ബല്യം നമുക്ക് മറികടന്നേ പറ്റൂ.
നിയമനിര്‍മാണം പാര്‍ലിമെന്റിന്റെ കര്‍ത്തവ്യമാണെന്നത് നീതിന്യായ സ്ഥാപനങ്ങള്‍ തിരിച്ചറിയണം. വിഷയങ്ങളില്‍ നീതി കല്‍പ്പിച്ച് തീരുമാനമെടുക്കുന്ന രീതി ഇവിടെ ഇല്ല. നീതിന്യായ മാനദണ്ഡങ്ങള്‍ മാത്രമാണ് ജഡ്ജിമാര്‍ക്ക് തീരുമാനിക്കാവുന്നതെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.