ബംഗ്ലാദേശില്‍ പ്രക്ഷോഭം കലാപമായി മാറുന്നു

Posted on: December 15, 2013 12:13 am | Last updated: December 15, 2013 at 12:13 am

M_Id_448713_Dhaka_voilenceധാക്ക: ബംഗ്ലാദേശ് സ്വാതന്ത്ര്യസമര കാലത്ത് നടന്ന കൂട്ടക്കൊലകളുടെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ഖാദര്‍ മുല്ലയെ തൂക്കിലേറ്റിയതില്‍ പ്രതിഷേധിച്ച് ജമാഅത്ത് പ്രക്ഷോഭകര്‍ നടത്തുന്ന പ്രതിഷേധം കലാപമായി മാറി. പ്രക്ഷോഭകര്‍ പിരോജിപൂരിലെ ജഡ്ജിയെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് തെരുവിലിട്ട് കൊലപ്പെടുത്തിയതായി ഡെയ്‌ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ കുറിച്ചുള്ള വിശദാംശം പുറത്തുവന്നിട്ടില്ല. അക്രമാസക്തരായ പ്രക്ഷോഭകര്‍ പോലീസിനും ജനങ്ങള്‍ക്കും നേരെ വ്യാപക ആക്രമണങ്ങള്‍ നടത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭരണപക്ഷ പാര്‍ട്ടിയായ അവാമി ലീഗ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വീടുകള്‍, വാഹനങ്ങള്‍, കടകള്‍ എന്നിവ പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. ഫരീദ്പൂര്‍ ജില്ലയില്‍ അമ്പതോളം വീടുകള്‍ കൊള്ളയടിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് ദേശവ്യാപകമായ പ്രക്ഷോഭത്തിന് ജമാഅത്തെ ഇസ്‌ലാമി ആഹ്വാനം ചെയ്തിട്ടുണ്ട്.
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെയും വിദ്യാര്‍ഥി സംഘടനയായ ഛത്രശിബിരിന്റെയും നേതൃത്വത്തിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന ആക്രമണങ്ങളില്‍ ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. നൂറോളം പേര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കലാപകാരികളായ പ്രക്ഷോഭകര്‍ നിരവധി ഇടങ്ങളില്‍ ബോംബാക്രമണവും നടത്തിയിട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരക്കാലത്ത് പാക് സൈന്യത്തിനൊപ്പം ചേര്‍ന്ന് നൂറു കണക്കിന് കുടുംബങ്ങളെ കൊന്നൊടുക്കിയ കേസിലാണ് അബ്ദുല്‍ഖാദര്‍ മുല്ലയെ തൂക്കിലേറ്റിയത്. ‘മീര്‍പൂരിലെ അറവുകാരന്‍’ എന്നറിയപ്പെട്ടിരുന്ന മുല്ലയുടെ നേതൃത്വത്തില്‍ കൂട്ടബലത്സംഗങ്ങളും കൂട്ടക്കൊലകളും നടന്നിട്ടുണ്ടായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മുല്ലയെ തൂക്കിലേറ്റാന്‍ വിധിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജി തള്ളിയതോടെയാണ് വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 10.01 മണിക്ക് ധാക്ക സെന്‍ട്രല്‍ ജയിലില്‍ വെച്ച് മുല്ലയെ തൂക്കിലേറ്റിയത്. മുല്ലയുടെ ഖബറക്കം നടന്നതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. തുടര്‍ ദിവസങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് മേധാവികള്‍ അറിയിച്ചു.
മുല്ലയുടെ വധശിക്ഷക്ക് ജനങ്ങള്‍ പ്രതികാരം ചെയ്യുമെന്ന് ജമാഅത്ത് നേതാവ് മഖ്ബൂല്‍ അഹ്മദ് പ്രസ്താവനയിലൂടെ ഭീഷണിമുഴക്കി.