Connect with us

Gulf

ദൃശ്യാവിഷ്‌കാരങ്ങളുടെ ധര്‍മം

Published

|

Last Updated

ആശയ പ്രകാശനത്തിനും വിവര വിനിമയത്തിനും ഇന്ന് നിരവധി മാര്‍ഗങ്ങളുണ്ട്. ദൃശ്യമാധ്യമങ്ങള്‍ക്കു തന്നെ വലിയ വൈവിധ്യത സംഭവിച്ചിട്ടുണ്ട്. സാമൂഹിക മാറ്റത്തിനുള്ള ഉപാധിയാക്കി അവയെ മാറ്റാനുള്ള വെമ്പല്‍ വ്യാപകമായി കാണുന്നു. അതുകൊണ്ടു തന്നെ ചലച്ചിത്രമേളകള്‍ക്ക് പ്രസക്തി വര്‍ധച്ചുവരുകയാണ്.
ഇത്തവണ ദുബൈ ചലച്ചിത്രോത്സവത്തിന് എത്തിയ മിക്ക ചിത്രങ്ങളും സാങ്കേതികവിദ്യയുടെ ഉയര്‍ന്ന രൂപത്തെ മികച്ച കലാസൃഷ്ടിയാക്കി മാറ്റാന്‍ എളുപ്പമാണെന്ന് കാണിച്ചു തരുന്നു. കഥാചിത്രങ്ങളെ തല്‍ക്കാലം മാറ്റി നിര്‍ത്താം. അറബ് ലോകത്ത് ധാരാളം ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കപ്പെടുന്നുവെന്നും അവയില്‍ ഭൂരിപക്ഷവും സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാനുതകുന്നുവെന്നും മേള ബോധ്യപ്പെടുത്തി.
യു എ ഇക്കാരിയായി മുനാ അല്‍ അലിയുടെ പത്ത് മിനിട്ടുള്ള ചിത്രം, മദ്യത്തിനെതിരെയുള്ള സന്ദേശം നല്‍കുന്നു. യു എ ഇ സ്വദേശിയായ ഖാലിദ് അല്‍ മഹ്മൂദിന്റെ 13 മിനിട്ടുള്ള ചിത്രം അന്ധത ബാധിക്കുന്ന ഒരു യുവതിയുടെയും യുവതിയെ സഹായിക്കുന്ന കൂട്ടുകാരിയുടെയും കഥയാണ്. ഉയര്‍ന്ന മാനവിക ബോധമാണ് ഈ ചിത്രങ്ങള്‍ വിളംബരം ചെയ്യുന്നത്. ലഹരി മരുന്നും ചൂതുകളിയും മയക്കിക്കിടത്തിയ ലാറ്റിന്‍ അമേരിക്കന്‍ യുവതയെ ഉണര്‍ത്തിയത് സിനിമയാണെന്ന് മേളക്കെത്തിയ ചിലിയിലെ നിര്‍മാതാവ് അഗ്‌റ്റോമത്തെ സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതികമായ വന്‍ സൗകര്യങ്ങള്‍ ഹ്രസ്വചിത്രങ്ങള്‍ക്ക്ആവശ്യമില്ല. മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പോലും രംഗങ്ങള്‍ ചിത്രീകരിക്കാനും എഡിറ്റ് ചെയ്യാനും കഴിയും. തിരഞ്ഞെടുക്കുന്ന വിഷയവും അതിനോടുള്ള സമീപനത്തിലുമാണ് കാര്യം.
ഇന്ന്, മിക്ക ആളുകളും സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വാട്ട്‌സ്അപ്പിലും അഭിരമിക്കുന്നവരാണ്. ഭൂരിപക്ഷം പേരും തരാതരം പോലെ പാഠങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്യുന്നു. ഒരൊറ്റ നിമിഷം കൊണ്ട് ചിലര്‍ ലോക പ്രശസ്തി നേടുന്നു. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച്, നവമാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.
ഗള്‍ഫിലെ ബാച്ചിലര്‍ മുറികളില്‍ ഇന്ന് രണ്ടു തരത്തിലാണ് നവമാധ്യമങ്ങള്‍ സ്വാധീനം ചെലുത്തുന്നത്. ദൃശ്യങ്ങള്‍ കണ്ടും പോസ്റ്റ് ചെയ്തും ഏറെ വൈകിയാണ് ബാച്ചിലര്‍മാര്‍ ഉറങ്ങുന്നത്. ചിലര്‍, ആത്മാവിഷ്‌കാരം നടത്തി, പ്രശസ്തിയുടെ പടവുകള്‍ കയറുന്നു. മറ്റു ചിലര്‍, ജുഗുപ്താസവഹങ്ങളായ പോസ്റ്റുകള്‍ പ്രചരിപ്പിച്ച് സമയം കളയുന്നു.
ചിലര്‍ക്ക് അത്ഭുതപ്പെടുത്തുന്ന സര്‍ഗാത്മകതയുണ്ട്. അവര്‍, കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ മികച്ച കലാസൃഷ്ടികള്‍ ഉറപ്പ്. അത്തരം മനസുള്ളവരുടെ സൃഷ്ടികളാണ് ചലച്ചിത്രമേളകളില്‍ എത്തുന്നത്.
ഇതിനിടയില്‍, കഥാ ചിത്രങ്ങളുടെ മേഖലയിലേക്ക് വരാം. ലോകത്തെ സാംസ്‌കാരിക സവിശേഷതകളുടെ നേര്‍കാഴ്ചകളാണ് പല ചിത്രങ്ങളും. ചില ചിത്രങ്ങള്‍ പ്രതിഷേധത്തിന്റെ സ്വരം പുറപ്പെടുവിക്കുന്നു. മറ്റു ചിലത് മനുഷ്യാവസ്ഥയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു.
ഇതിനിടെ, മേളകളെ സെന്‍സേഷന്‍ വത്കരിക്കുന്നതിന്റെ ഭാഗമായി ചിലരെ പര്‍വതീകരിക്കാനുള്ള ശ്രമമുണ്ട്. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ കൊറിയന്‍ സംവിധായകന്‍ കിംകിം ഡൂക്കി നെ അങ്ങിനെയാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. കിം കിം ഡൂക് കഴിഞ്ഞ വര്‍ഷം ദുബൈ മേളക്കെത്തിയിരുന്നു. പിയേറ്റ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. ലൈംഗികതയും അക്രമാസക്തിയുമാണ് കിംകിമിന്റെ ചിത്രങ്ങളുടെ പൊതുസ്വഭാവം. കലാമൂല്യം അവകാശപ്പെടാമെങ്കിലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ തകര്‍ക്കുന്നവയാണ് ചിത്രങ്ങള്‍. പിയേറ്റയിലെ ചില രംഗങ്ങല്‍ കാണികളില്‍ നടുക്കമുളവാക്കുന്നു. പുതിയ ചിത്രം കണ്ട് ചിലര്‍ ബോധരഹിതരായെന്നാണ് തിരുവനന്തപുരത്തു നിന്നുള്ള വാര്‍ത്ത. കൊറിയയില്‍ പോലും ചില രംഗങ്ങള്‍ നീക്കം ചെയ്തതിനു ശേഷമാണ് പ്രദര്‍ശനാനുമതി ലഭിച്ചത്.
കാണികളുടെയും വായനക്കാരുടെയും അഭിരുചികളിലും സംവേദനശീലത്തിലും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടാകാം. എന്നാല്‍, ഏത് ആവിഷ്‌കാരത്തിനും ചില പരിധികളുണ്ട്. അത് ലംഘിക്കപ്പെടുന്നത്, മനുഷ്യസംസ്‌കാരത്തിന് യോജിച്ചതല്ല. ദുബൈ രാജ്യാന്തര ചലച്ചിത്രമേളയില്‍, നെല്‍സണ്‍ മണ്ടേലയെക്കുറിച്ചുള്ള കഥാചിത്രമുണ്ട്. ജസ്റ്റിന്‍ ചാഡ്‌വിക് സംവിധാനം ചെയ്ത, മണ്ടേല: ലോംഗ് വാക് ടു ഫ്രീഡം (മണ്ടേല: സ്വാതന്ത്ര്യത്തിലേക്ക് ദീര്‍ഘയാത്ര) ഒരു ഗ്രാമത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിപ്പെട്ട മണ്ടേലയെക്കുറിച്ചുള്ളതാണ്. ഈ സിനിമ, റിച്ചാര്‍ഡ് അറ്റന്‍ബറോയുടെ “ഗാന്ധി”യെയും കടത്തിവെട്ടും. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലേക്ക് നിങ്ങളെ ആനയിക്കും. അതാണ് ദൃശ്യാവിഷ്‌കാരങ്ങളുടെ ധര്‍മം.

Latest