ചിത്രകാരന്‍ സി എന്‍ കരുണാകരന്‍ അന്തരിച്ചു

Posted on: December 14, 2013 3:00 pm | Last updated: December 15, 2013 at 7:25 pm

440px-C.N._KarunakaranDSC_0144കൊച്ചി: കേരളാ ലളിതകലാ അക്കാഡമി മുന്‍ അധ്യക്ഷനും പ്രശസ്ത ചിത്രകാരനുമായ സി എന്‍ കരുണാകരന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉചക്ക് ശേഷം രണ്ടരയോടയായിരുന്നു അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. സംസ്കാരം നാളെ തൃശൂര്‍ ബ്രഹ്മപുരത്ത്.

തൃശൂര്‍ ജില്ലയിലെ ഗുരുവയൂരില്‍ 1940ലാണ് സി എന്‍ കരുണാകരന്റെ ജനനം. ഗവണ്‍മെന്റ് സ്‌കൂള്‍ ആന്‍ഡ് ക്രാഫ്റ്റ്‌സ് മദ്രാസ്, ഗവണ്‍മെന്റ് കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മദ്രാസ് എന്നിവിടങ്ങളിലായിരുന്നു പഠനം.  കലാചാരുതിക്കും വര്‍ണങ്ങളിലെ വൈവിധ്യത്തിനും പേരു കേട്ട അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. അമേരിക്കയിലെ വാഷിംഗ്ടണ്‍ ഇന്ത്യന്‍ എംബസിയില്‍ അദ്ദേഹത്തിന്റെ ചിത്ര പ്രദര്‍ശനം 2003 സെപ്റ്റംബര്‍ 5നു നടന്നു. ഇതിനു ശേഷം അദ്ദേഹത്തിന്റെ അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി അതിഥി ഇന്ത്യന്‍ റെസ്റ്റാറന്റിലും വിര്‍ജ്ജീനിയ കലാ പ്രദര്‍ശന ശാലയിലും നടന്നു.

കേരളത്തിലെ ആദ്യത്തെ സ്വകാര്യ കലാപ്രദര്‍ശന ശാലയായിരുന്ന ചിത്രകൂടം ആരംഭിച്ചത് സി എന്‍ കരുണാകരനാണ്. 1973 മുതല്‍ 1977 വരെ ഈ പ്രദര്‍ശനശാല പ്രവര്‍ത്തിച്ചു. കുറച്ച് മലയാളം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനവും അദ്ദേഹം നിര്‍വ്വഹിച്ചിട്ടുണ്ട്. അശ്വത്ഥാമാവ്, ഒരേ തൂവല്‍ പക്ഷികള്‍, അക്കരെ, പുരുഷാര്‍ത്ഥം, ആലീസിന്റെ അന്വേഷണം എന്നിവയാണ് സി എന്‍ കലാസംവിധാനം രചിച്ച ചിത്രങ്ങള്‍.

മദ്രാസ് സര്‍ക്കാറിന്റെ പുറത്തിറങ്ങുന്ന ഏറ്റവും നല്ല വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരം (1965), മദ്രാസ് ലളിതകലാ അക്കാദമി പുരസ്‌കാരം (1964), കേരള ലളിതകലാ അക്കാദമി പുരസ്‌കാരം (1971,1972,&1975), പി.ടി. ഭാസ്‌കര പണിക്കര്‍ പുരസ്‌കാരം (2000), മലയാറ്റൂര്‍ രാമകൃഷ്ണന്‍ പുരസ്‌കാരം (2003), കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് (2005) എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.