ജമാഅത്ത് നേതാവിന്റെ വധശിക്ഷ: ബംഗ്ലാദേശില്‍ പരക്കെ അക്രമം

Posted on: December 14, 2013 1:23 am | Last updated: December 14, 2013 at 1:23 am

Bangladeshധാക്ക: യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ഖാദര്‍ മുല്ലയുടെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ വ്യാപക അക്രമം. അക്രമ സംഭവങ്ങളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. നഗരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും അക്രമികള്‍ അഴിഞ്ഞാടി. അവാമി ലീഗിന്റെ രണ്ട് പ്രവര്‍ത്തകര്‍ കുത്തേറ്റ് മരിച്ചു. മരിച്ച മറ്റ് രണ്ട് പേര്‍ പ്രതിഷേധക്കാരാണ്.
ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ബോംബെറിഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തീവെക്കുകയും പ്രധാന ഹൈവേകള്‍ ഉപരോധിക്കുകയും ചെയ്തു. ധാക്കയിലെ പ്രധാന മസ്ജിദില്‍ നിന്ന് ജുമുഅ കഴിഞ്ഞിറങ്ങിയ ജമാഅത്ത് പ്രവര്‍ത്തകര്‍ ബോംബെറിയുകയും കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തീവെക്കുകയുമായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു. ഇതില്‍ ഒരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യുദ്ധക്കുറ്റ ട്രിബ്യൂണലിലെ ഒരു ജഡ്ജിയുടെ വസതി അഗ്നിക്കിരയാക്കാന്‍ ഒരു സംഘം അക്രമികള്‍ ശ്രമിച്ചു.
അതിനിര്‍ണായകമായ ദശാസന്ധിയിലുടെയാണ് ബംഗ്ലാദേശ് കടന്നുപോകുന്നതെന്ന് യു എസ് വിദേശകാര്യ വക്താവ് മാരി ഹാര്‍ഫ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ സമാധാനപരമായി പരിഹരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. വിചാരണ സ്വതന്ത്രവും സുതാര്യവും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതവും ആയിരിക്കണമെന്ന് നേരത്തെ ബംഗ്ലാദേശ് അധികൃതരോട് നിര്‍ദേശിച്ചിട്ടുണ്ട്. അക്രമത്തില്‍ നിന്ന് എല്ലാവരും പിന്‍മാറണമെന്നും ഹാര്‍ഫ് അഭ്യര്‍ഥിച്ചു.
പാക്കിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമാകാന്‍ നടത്തിയ 1971 ലെ യുദ്ധത്തിനിടെ മുല്ലയും മറ്റും പാക് പക്ഷം ചേര്‍ന്ന് കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്തുവെന്നാണ് ട്രിബ്യൂണല്‍ കണ്ടെത്തിയത്. യുദ്ധക്കുറ്റത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്നയാളാണ് മുല്ല. ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും മുല്ലയുടെ ഓരോ തുള്ളി ചോരക്കും പകരം ചോദിക്കുമെന്നുമാണ് ജമാഅത്ത് നിലപാട്. മുല്ലയെ തൂക്കിലേറ്റണമെന്നാവശ്യപ്പെട്ട് വലിയൊരു സംഘം ധാക്കയിലെ ശാഹ്ബാഗ് ചത്വരത്തില്‍ തമ്പടിച്ചിരുന്നു.