ജി സി സി റെയില്‍ നിര്‍മാണം 2015ല്‍ തുടങ്ങും

Posted on: December 13, 2013 10:16 am | Last updated: December 13, 2013 at 10:16 am

ദുബൈ: ജി സി സി റെയില്‍ നിര്‍മാണം 2015ന് തുടങ്ങുമെന്ന് സഊദി അറേബ്യ റെയില്‍വേ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ സുവൈകത് അറിയിച്ചു. അടുത്ത വര്‍ഷം രൂപകല്‍പ്പന പൂര്‍ത്തിയാകും. ഓരോ ജി സി സി രാജ്യത്തിന്റെയും അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കാനുള്ളതിനാലാണ് രൂപകല്‍പ്പന വൈകുന്നത്. 2,200 കോലിമീറ്ററിലുള്ള ജി സി സി റെയില്‍ നിര്‍മാണം 2018ല്‍ പൂര്‍ത്തിയാകും. യു എ ഇയിലടക്കം മിക്ക ജി സി സി രാജ്യങ്ങളിലും അവരവരുടെ റെയില്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഏകോപനമാണ് 2015ല്‍ നടത്തുന്നത്. മൂന്ന് വര്‍ഷം കൊണ്ട്, സഊദിയില്‍ നിന്ന് ഒമാന്‍ വരെ ട്രെയിന്‍ യാത്ര സാധ്യമാകുന്നമെന്നാണ് പ്രതീക്ഷ. 1,100 കോടി ഡോളറിന്റേതാണ് പദ്ധതിയെന്നും സുവൈകത് പറഞ്ഞു.

യു എ ഇയില്‍ ഇത്തിഹാദ് റെയില്‍വേയുടെ നിര്‍മാണം ദ്രുതഗതിയിലാണ്. സഊദി അതിര്‍ത്തിയില്‍ നിന്ന് അബുദാബി നഗരത്തിലേക്കാണ് ആദ്യഘട്ടം. പിന്നീട് ദുബൈ, ഷാര്‍ജ വഴി ഫുജൈറ വരെ പാത നിര്‍മാണം നടത്തും. ജി സി സി റെയില്‍വെ കുവൈത്തില്‍ നിന്ന് തുടങ്ങി സഊദി വഴിയാണ് യു എ ഇയില്‍ എത്തുന്നത്.
ഇതിനിടയില്‍ സഊദിയില്‍ നിന്ന് ബഹ്‌റൈന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് കൈവഴി ഉണ്ടാകും. യു എ ഇയിലെ ഫുജൈറയില്‍ നിന്ന് സോഹാര്‍ വഴിയാണ് ഒമാനിലേക്ക് പ്രവേശിക്കുന്നത്. മസ്‌കത്ത് വരെ റെയില്‍പാത ഉണ്ടാകും. 8230 കോടി ദിര്‍ഹമാണ് യു എ ഇ ചെലവ് ചെയ്യുന്നത്. അബുദാബി മെട്രോ നിര്‍മാണം അനുബന്ധമായി നടക്കും.
അതിര്‍ത്തിയായ ഗുവൈഫാത്തില്‍ നിന്ന് റുവൈസിലേക്കും അവിടെ നിന്ന് ഐകാഡ് സിറ്റിയിലേക്കുമാണ് ഇത്തിഹാദിന്റെ പ്രഥമഘട്ടം. റുവൈസില്‍ നിന്ന് ലിവയിലേക്കും അബുദാബി നഗരത്തില്‍ നിന്ന് അല്‍ ഐനിലേക്കും കൈവഴികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ALSO READ  ആര്‍ എസ് സി യൂനിറ്റ് സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചു