താക്കീതായി സംയുക്ത ട്രേഡ് യൂനിയന്‍ റാലി

Posted on: December 13, 2013 6:52 am | Last updated: December 13, 2013 at 6:52 am

കോഴിക്കോട്: രാഷ്ട്രീയ വൈരം മറന്ന് തൊഴിലാളികള്‍ ഒരുമിച്ച ്‌നടത്തിയ സംയുക്ത ട്രേഡ് യൂനിയന്‍ ജില്ലാ റാലി ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാറിന് താക്കീതായി. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത ട്രേഡ് യൂനിയന്‍- സര്‍വീസ് സംഘടനാ ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ റാലി നടന്നത്. ജില്ലയിലെ തൊഴിലാളികള്‍ ഓരോ ട്രേഡ് യൂനിയന്റെയും സര്‍വീസ് സംഘടനകളുടെയും ബാനറിന് കീഴില്‍ വിവിധ കേന്ദ്രങ്ങളില്‍ രാവിലെത്തന്നെ ഒത്തുകൂടിയിരുന്നു. ഈ ചെറു പ്രകടനങ്ങള്‍ പിന്നീട് സ്റ്റേഡിയം പരിസരത്ത് കേന്ദ്രീകരിച്ചു. തുടര്‍ന്ന് പത്തരയോടെ പടുകൂറ്റന്‍ പ്രകടനം ആരംഭിച്ചു.

25000 പേര്‍ അണിനിരന്ന പ്രകടനത്തിന് കെ ജി പങ്കജാക്ഷന്‍, എം ഭാസ്‌ക്കരന്‍, ടി ദാസന്‍, അഡ്വ. എം രാജന്‍, പി ടി രാജന്‍, ഒ കെ ധര്‍മരാജന്‍, യു പോക്കര്‍ നേതൃത്വം നല്‍കി. പ്രകടനം മാവൂര്‍ റോഡ്, മാനാഞ്ചിറ വഴി മുതലക്കുളം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. രൂക്ഷമായ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കെ ജി പങ്കജാക്ഷന്‍ (എ ഐ ടി യു സി), ടി ദാസന്‍ (സി ഐ ടി യു), അഡ്വ. എം രാജന്‍, കെ സി രാമചന്ദ്രന്‍ (ഐ എന്‍ ടി യു സി), കെ ഗംഗാധരന്‍ (ബി എം എസ്), യു പോക്കര്‍ (എസ് ടി യു), മനയത്ത് ചന്ദ്രന്‍ (എച്ച് എം എസ്), കെ പി രാജന്‍ (യു ടി യു സി), അഡ്വ. എം പി സൂര്യനാരായണന്‍ (ഐ എന്‍ എല്‍ സി), പി എം ശ്രീകുമാര്‍ (എ ഐ യു ടി യു സി), കെ പി നാരായണന്‍ (ടി യു സി ഐ), ടി ഇബ്രാഹിം (കെ ടി യു സി) പങ്കെടുത്തു.
രാജ്യത്തെ ട്രേഡ് യൂനിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും ബേങ്ക്, ഇന്‍ഷ്വറന്‍സ്, ടെലിക്കോം, ഡിഫന്‍സ് തുടങ്ങിയ പൊതു യൂനിയനുകളുടെയും കേന്ദ്ര, സംസ്ഥാന, സിവില്‍ സര്‍വീസ്, അധ്യാപക സംഘടനകളുടെയും സ്വതന്ത്ര യൂനിയനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 2009 സെപ്തംബര്‍ 14ന് ആരംഭിച്ച സമരത്തിന്റെ തുടര്‍ച്ചയാണ് റാലി. പ്രധാനമന്ത്രി ട്രേഡ് യൂനിയന്‍ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് 12ന് പാര്‍ലിമെന്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും സംയുക്ത മാര്‍ച്ച് നടത്തിയത്.