ധൈര്യമുണ്ടെങ്കില്‍ ലീഗ് ഒറ്റക്ക് മത്സരിക്കണം: സി പി എം

Posted on: December 13, 2013 6:50 am | Last updated: December 13, 2013 at 6:50 am

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ ജില്ലയിലെ രണ്ട് സീറ്റിലും ജയിക്കുമെന്ന മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന അഹങ്കാരജടിലമാണെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അത്ര ധൈര്യമുണ്ടെങ്കില്‍ ഒറ്റക്ക് മത്സരിക്കാന്‍ വെല്ലുവിളിക്കുന്നു. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് തയ്യാറാകണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ലീഗ് ഒറ്റക്ക് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച അനുഭവംസമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. യു ഡി എഫ് ഘടക കക്ഷിയെന്ന നിലയില്‍ മത്സരിച്ചാണ് ജില്ലയില്‍ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പുകളില്‍ പലപ്പോഴും വിജയിച്ചിട്ടുള്ളത്. യു ഡി എഫിന്റെ ഭാഗമായി മത്സരിക്കുമ്പോള്‍ത്തന്നെ കനത്ത തോല്‍വിയും ലീഗ് ഏറ്റുവാങ്ങിയിട്ടുണ്ട്. ലീഗിന്റെ ഉന്നത നേതാക്കളെ ജില്ലയിലെ വോട്ടര്‍മാര്‍തന്നെ നിരാകരിക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അനുഭവം ആരും മറന്നിരിക്കാനിടയില്ല. യുഡിഎഫ് മന്ത്രിസഭയില്‍ മുസ്ലിംലീഗിന്റെ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍ എന്നിവരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍ തോല്‍പ്പിച്ചത് കോണ്‍ഗ്രസ് പിന്തുണയോടെ മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ്. തങ്ങളുടെ ശക്തികേന്ദ്രമെന്ന് മുസ്‌ലിം ലീഗ് അവകാശപ്പെട്ടിരുന്ന പഴയ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് സി പി എം സ്ഥാനാര്‍ഥി ടി കെ ഹംസ വിജയിച്ചത് 2004ലാണ്.
കോണ്‍ഗ്രസ് പിന്തുണയില്ലാതെ ഒറ്റക്ക് മത്സരിച്ചാല്‍ മുസ്‌ലിം ലീഗിന്റെ ഗതിയെന്താകുമെന്ന് എല്ലാവര്‍ക്കുമറിയാം.
മുസ്‌ലിം ലീഗിനെതിരായി ശക്തമായ ഇടതുപക്ഷ പ്രസ്ഥാനം ജില്ലയിലുണ്ടെന്ന കാര്യം ബോധപൂര്‍വം മറന്നുകൊണ്ടുള്ള ഈ അഹങ്കാര പ്രകടനത്തിന് ജനങ്ങള്‍ നല്ല മറുപടി നല്‍കും. കോണ്‍ഗ്രസിന്റെ എല്ലാ ജനദ്രോഹ നയങ്ങള്‍ക്കും കൂട്ടുനിന്ന് ജനങ്ങളുടെ ജീവിതം ദുരിതമാക്കിയ രാഷ്ട്രീയ നിലപാടാണ് മുസ്‌ലിം ലീ ഗിനുള്ളത്. കേന്ദ്രത്തില്‍ യു പി എ സര്‍ക്കാരിന്റെ ജനദ്രോഹഭരണത്തിനും കേരളത്തില്‍ യു ഡി എഫ് നേതൃത്വത്തിലുള്ള ജനദ്രോഹ ഭരണത്തിനും കുടപിടിക്കുന്ന പാര്‍ടിയാണ് ലീഗ്. ഇക്കാരണങ്ങളാല്‍ അണികള്‍ അസംതൃപ്തരായി പ്രതിഷേധമുയര്‍ത്തുമ്പോള്‍ അവരെ തണുപ്പിക്കാനാണ് ഇത്തരം അസംബന്ധ പ്രസ്താവന നടത്തുന്നത്. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ ഒറ്റയ്ക്ക് മത്സരിച്ച് അന്തസ്സ് കാട്ടാന്‍ ലീഗ് തയ്യാറാവണമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.