ദേശീയ ദിനാഘോഷം: വൈവിധ്യങ്ങളുടെ നിറങ്ങളില്‍ കുളിച്ച് ഖത്തര്‍

Posted on: December 13, 2013 6:27 am | Last updated: December 13, 2013 at 6:27 am

One LOVE Logoദോഹ: അലങ്കാരവും നിറവും ആഘോഷമാകുന്ന കമനീയ കാഴ്ച്ചകള്‍ക്ക് ദിനങ്ങള്‍ മാത്രം ബാക്കി. ഒരുമയുടെ ആഘോഷം പോലെ മറ്റൊരു ദേശീയദിനം കൂടി ആചരിക്കാന്‍ ഖത്തര്‍ ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്റെ ദേശീയ ദിനാഘോഷം പ്രമാണിച്ച് സ്വദേശികളോടൊപ്പം വിദേശികള്‍ക്കിടയിലുംഅടങ്ങാത്ത സന്തോഷവും ഒരുമയും പ്രകടമായിത്തുടങ്ങി. കവലകളും ഊടുവഴികളും സ്മര്യപുരുഷന്മാരുടെ കട്ടൌട്ടുകളും കമനീയമായ കമാനങ്ങളും കൊണ്ട് നിറഞ്ഞു കഴിഞ്ഞു.നിറങ്ങളില്‍ ദേശസ്‌നേഹം വഴിഞ്ഞൊഴുകുന്ന പതാകാതോരണങ്ങള്‍, അലങ്കാര വര്‍ണ്ണ വിളക്കുകള്‍, തുടങ്ങിയവ രാജ്യത്തെ ഭരണ സിരാ കേന്ദ്രങ്ങളിലും , വ്യത്യസ്ത പ്രവിശ്യാകാവടങ്ങളിലും പാതയോരങ്ങളിലും പാര്‍പ്പിട വാണിജ്യകേന്ദ്രങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. ദിനേനയെന്നോണം ഖത്തര്‍ ദേശീയ പതാകയുടെ വര്‍ണ്ണപ്പൊലിമയില്‍ ആകാശത്തെയും കണ്ണുകളെയും കുളിരണിയിക്കുന്ന കരിമരുന്നു പ്രയോഗവും നടക്കുന്നുണ്ട്.

ആഘോഷങ്ങളുടെ ഭാഗമായി വിപുലവും വൈവിധ്യവുമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഖത്തര്‍ ആഭ്യന്തര വകുപ്പിന് കീഴിലെ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യത്യസ്ഥ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധകമ്മ്യൂണിറ്റി വിഭാഗങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടുള്ള കലാ പ്രകടനങ്ങള്‍, കായിക വിനോദ പരിപാടികള്‍ തുടങ്ങിയവ നടക്കും.രാജ്യസ്‌നേഹവും കൂറും പ്രകടമാക്കുന്നതും സ്വദേശികളും വിദേശികളും തമ്മിലുള്ള സ്‌നേഹ സൗഹൃദ സഹകരണങ്ങള്‍ സുദൃഡമാക്കുന്ന തരത്തിലുള്ളതുമായ ആഘോഷപരിപാടികളാണ് ഇവയില്‍ കൂടുതലും.

വിവിധരാജ്യക്കാരായ ആളുകള്‍ക്ക് അവരവരുടെ ആഘോഷകലാവിരുന്ന് സംഘടിപ്പിക്കാന്‍ പ്രത്യേകം അവസരങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഇന്ത്യ,ഫിലിപ്പീന്‍സ്,നേപ്പാള്‍,ശ്രീലങ്ക,പാകിസ്ഥാന്‍,ബംഗ്ലാദേശ്,മലേഷ്യ,ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകള്‍ തങ്ങളുടേതായ നാടന്‍ കലാരൂപങ്ങളും സംഗീതനൃത്ത പരിപാടികളും അവതരിപ്പിക്കും. കൂടാതെ ക്രിക്കറ്റ്, വോളിബാള്‍, ഫുട്ബാള്‍ എന്നീ കായികയിനങ്ങളിലെ മത്സരങ്ങളും വിദേശികള്‍ക്കായി ഒരുക്കിയിട്ടുണ്ട്.ക്രിക്കറ്റില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്ക് 10,000റിയാല്‍ രണ്ടാം സ്ഥാനക്കാര്‍ക്ക് 5000 റിയാല്‍,ഫുട്ബാളിന് 5000 വോളിബാളിനു 3000 റിയാല്‍ എന്നിങ്ങനെയാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.ആഘോഷങ്ങളുടെ ഭാഗമായി വിവിധപരിപാടികള്‍ അവതരിപ്പിക്കുന്ന സ്‌കൂളുകളില്‍ നിന്ന് ആദ്യമൂന്നുസ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 10,000,7000,5000 റിയാല്‍ വീതം സമ്മാനത്തുകയും ലഭിക്കും.

വിദ്യാര്‍ഥികളുടെ പരേഡുകള്‍,തീമാറ്റിക് ഡാന്‍സുകള്‍ എന്നിവ എല്ലായിടത്തും ഉണ്ടാകും.സുപ്രീം കൌണ്‍സില്‍ ഓഫ് ഹെല്‍ത്ത്,ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍,ആഭ്യന്തര വകുപ്പിന് കീഴിലെ പ്രത്യേക മെഡിക്കല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്‌മെന്റ് ,ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയുടെ സഹകരണത്തോടെ, ആഘോഷപരിപാടികള്‍ നടക്കുന്നയിടങ്ങളില്‍ രക്തസമ്മര്‍ദം,ഷുഗര്‍ എന്നിവ പരിശോധിക്കാനുള്ള അവസരവുമുണ്ടാകും.ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തര്‍ ആഭ്യന്തരവകുപ്പ് പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന കലാ കായിക വിനോദ പരിപാടികളുടെ ലോഗോ തന്നെ കൂട്ടായ്മയെയും സ്‌നേഹത്തെയും പ്രകടമാക്കുന്ന തരത്തിലുള്ളതാണ്. ‘വണ്‍ലവ്’ എന്ന് പേരിട്ടിരിക്കുന്ന ആഘോഷ കാമ്പയിന്‍ അക്ഷരാര്‍ത്ഥത്തില്‍ ഖത്തരികളും വിദേശികളും തമ്മിലുള്ള ബന്ധത്തിന്റെ ആഴവും അര്‍ത്ഥവും വെളിപ്പെടുത്തുന്നതാണ്.