ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി

Posted on: December 12, 2013 10:21 pm | Last updated: December 13, 2013 at 8:48 am

mullahധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി. 1971ലെ യുദ്ധകുറ്റകൃത്യങ്ങളുടെ പേരിലാണ് വധശിക്ഷ. മുല്ലയെ ചൊവ്വാഴ്ച തൂക്കിലേറ്റാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം സുപ്രീം കോടതിയില്‍ അപ്പീല്‍ പോയതിനെ തുടര്‍ന്ന് അന്ന് വധശിക്ഷ നടപ്പാക്കാനായില്ല. ഇന്ന് രാവിലെ ബംഗ്ലാദേശ് സുപ്രീം കോടതി അപ്പീല്‍ തള്ളിയതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. 1971ലെ ബംഗ്ളാദേശ് വിമോചന യുദ്ധകാലത്ത് മുല്ല പാക് സൈനികരുടെ അതിക്രമങ്ങളുമായി സഹകരിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരായ പ്രധാന ആരോപണം.

ധാക്കാ സെന്‍ട്രല്‍ ജയിലില്‍ വെച്ച് പ്രാദേശിക സമയം രാത്രി 11.01നാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ മുതിര്‍ന്ന നോതവായിരുന്നു 65കാരനായ അബ്ദുല്‍ ഖാദര്‍ മുല്ല. അദ്ദേഹത്തെ യുദ്ധകുറ്റകൃത്യങ്ങള്‍ ചുമത്തില്‍ ജയിലിലടച്ചത്തിനെ തുടര്‍ന്ന് ജമാഅത്ത് പ്രവര്‍ത്തകര്‍ തെരുവില്‍ പോലീസുമായി പല തവണ ഏറ്റുമുട്ടിയിരുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 17നാണ് ബംഗ്ലാദേശ് സുപ്രിം കോടതി അബ്ദുല്‍ ഖാദിര്‍ മുല്ലക്ക് വധശിക്ഷ വിധിച്ചത്. 1971ലെ വിമോചന യുദ്ധകാലത്ത് മൂന്ന് ദശലക്ഷ‌ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.