Connect with us

Palakkad

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദം

Published

|

Last Updated

പാലക്കാട്: കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ, പിന്തുണ നഷ്ടപ്പെട്ട ചെയര്‍മാന്‍ എ അബ്ദുള്‍ ഖുദ്ദൂസ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയതിനെതിരെ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാദപ്രതിവാദം.
സ്വന്തം പാര്‍ട്ടിയുടെ പിന്തുണപോലുമില്ലാത്ത ചെയര്‍മാന്‍ തല്‍സ്ഥാനത്ത് തുടരുന്നത് മോശമാണെന്നും യോഗത്തില്‍ നിന്നിറങ്ങിപ്പോയവര്‍ക്ക് ഇപ്പോഴുണ്ടായ മനംമാറ്റത്തിന്റെ കാരണമെന്തെന്ന് വ്യക്തമാക്കണമെന്നും ബി ജെ പി അംഗം എന്‍ ശിവരാജന്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങള്‍ ഇറങ്ങിപ്പോയത് സത്യപ്രതിജ്ഞാലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ചരിത്രത്തില്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരു കോണ്‍ഗ്രസ് അംഗവും ചെയര്‍മാനായിട്ടില്ല.യു ഡി എഫും കോണ്‍ഗ്രസും ചേര്‍ന്ന് നഗരസഭാഭരണം സ്തംഭിപ്പിക്കുകയാണ്.അതേസമയം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനാകാന്‍ കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങളും മത്സരിക്കുകയാണെന്ന് ബി ജെ പി അംഗം സി കൃഷ്ണകുമാര്‍ ആരോപിച്ചു. നഗരസഭയുടെ വികസനം മുടക്കുന്നതാണ് കോണ്‍ഗ്രസ് നയം. ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ രാജിവെക്കുകയാണ് വേണ്ടത്.
യു ഡി എഫ് അഞ്ചുവര്‍ഷം ഭരിക്കുമെന്നുമുള്ള വാദവുമായി മുസ്ലിം ലീഗ് അംഗം അബ്ദുള്‍ അസീസ് രംഗത്തെത്തിയതോടെ യോഗം ബഹളമയമായി. നഗരസഭയില്‍ കോ-ലീ-ബി സംഖ്യമാണ് നിലവിലുള്ളതെന്നും ലീഗും ബി ജെ പിയും ജനങ്ങളെ വഞ്ചിക്കുയാണെന്നും സ്വതന്ത്രാംഗം അഷ്‌ക്കര്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത് യു ഡി എഫിന്റെ തീരുമാനപ്രകാരമാണെന്ന് കോണ്‍ഗ്രസ് അംഗം മാണിക്യന്‍ പറഞ്ഞു. പരസ്യമായേ ബി ജെപി ആരേയും പിന്തുണക്കാറുള്ളൂവെന്ന വാദവുമായി സി കൃഷ്ണകുമാറും രംഗത്തെത്തി.

Latest